മുക്കം: കൊവിഡ് മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട്- മലപ്പുറം ജില്ലാ അതിർത്തിയിൽ വരുന്ന മുക്കം മേഖലയിലെ ഉപറോഡുകൾ പൊലീസ് കരിങ്കല്ലിട്ട് അടയ്ക്കുകയും ഗതാഗതം അനുവദിച്ച റോഡുകളിൽ പരിശോധന കർശനമാക്കുകയും ചെയ്തതോടെ അനാവശ്യ യാത്രകൾ കുറഞ്ഞു.
പ്രധാന റോഡുകളിൽ പരിശോധന കർശനമാക്കിയപ്പോൾ ഉപറോഡുകൾ വഴിയായിരുന്നു പലരുടെയും യാത്ര. ലോക്ക് ഡൗൺ ലംഘനം വ്യാപകമായതോടെയാണ് ഉപറോഡുകൾ കരിങ്കല്ല് നിരത്തി അടയ്ക്കാൻ പൊലീസ് തീരുമാനിച്ചത്.
വാലില്ലാപുഴ - പുതിയനിടം റോഡ്, തേക്കിൻചുവട് - തോട്ടുമുക്കം റോഡ്, പഴംപറമ്പ് - തോട്ടുമുക്കം എടക്കാട് റോഡ്, പനംപിലാവ് - തോട്ടുമുക്കം റോഡ് എന്നീ റോഡുകളാണ് അടച്ചിരിക്കുന്നത്. എന്നാൽ വാലില്ലാപുഴ - പുതിയനിടം റോഡ് പിന്നീട് തുറന്നു കൊടുത്തു. കുടിവെള്ള വിതരണം തടഞ്ഞെന്ന പരാതിയെ തുടർന്നായിരുന്നു ഗതാഗതം അനുവദിച്ചത്. അതെസമയം പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.