കൽപ്പറ്റ: മഹാമാരിക്കെതിരെ പ്രതിരോധം തീർക്കാൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ പോരാടുമ്പോൾ വയനാട്ടിൽ കൊവിഡിനെതിരെ 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് മൂന്ന് വനിതകൾ. ഇന്ത്യയിലെ മികച്ച 25 ജില്ലകളിൽ ഒന്നായതിന് പുറമെ കോവിഡ് രോഗികളില്ലാത്ത ജില്ലയായും വയനാട് മാറി.
ജില്ലയിലെ സാഹചര്യങ്ങൾ രോഗവ്യാപനത്തിന് അനുകൂലമായേക്കുമെന്ന് ഭീതിലായിരുന്നു ജില്ലാ ഭരണകൂടം. എന്നാൽ അതെല്ലാം മറികടക്കാനായ ആശ്വാസത്തിലാണിപ്പോൾ ജില്ലാ സാരഥികൾ.
ജില്ലാ കലക്ടർ ഡോ.അദീല അബ്ദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക എന്നിവർ പരാതികൾക്കിടയില്ലാതെ ശക്തമായ ക്രോഡീകരണവും അവലോകനവും നിർദ്ദേശങ്ങളുമാണ് നടത്തിയത്.
ജനപ്രതിനിധികൾ, സർക്കാർ വകുപ്പുകൾ, സന്നദ്ധ-ജീവകാരുണ്യ പ്രവർത്തകർ, സാമൂഹ്യ-സാമുദായിക സംഘടനകൾ എന്നിവയെ ഏകോപിപ്പിച്ച് ജില്ലയിൽ മാതൃകാപരമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ, സബ്ബ് കലക്ടർ വികൽപ് ഭരദ്വാജ്, ഡെപ്യൂട്ടി കലക്ടമാരായ കെ.അജീഷ്, മുഹമ്മദ് യൂസുഫ്, ദേശീയ ആരോഗ്യമിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അഭിലാഷ്, ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയരക്ടർ പി.സി.മജീദ് എന്നിവർ ജില്ലാതല ടീം പ്രവർത്തനങ്ങൾക്കും പരിശോധനകൾക്കും ശക്തിപകരുന്നു.
8 സംഘങ്ങളുണ്ടാക്കി ചുമതല വിഭജനം നടത്തിയതും അതിഥി തൊഴിലാളികളെ സംരക്ഷിക്കാൻ സാമൂഹ്യ അടുക്കളയും മരുന്നിനായി ഡൊനേറ്റഡ് ഡ്രഗ് ക്യാമ്പയിനും മാതൃകയായി. വിവിധ ഭാഷകളിൽ ലഘുലേഖകളും വീഡിയോ-ഓഡിയോ ശബ്ദ സന്ദേശങ്ങളും തയ്യാറാക്കി.
കർണ്ണാടക,തമിഴ്നാട് സംസ്ഥാന അതിർത്തികളിലും കണ്ണൂർ,കോഴിക്കോട്, ജില്ലാ അതിർത്തികളിലുമുള്ള 14 ചെക്ക്‌പോസ്റ്റ് പോയന്റുകൾ അടച്ച് അദ്ധ്യാപകരടക്കമുള്ള ജീവനക്കാരെ നിയമിച്ച് സംയുക്ത പരിശോധനയും കാവലുമേർപ്പെടുത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അദ്ധ്യാപകർക്ക് ചുമതല നൽകാൻ തീരുമാനിച്ച ആദ്യ ജില്ലയാണ് വയനാട്.
ഡോക്ടർ കൂടിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ കൃത്യതയാർന്ന കരുതലാണ് ജില്ലയ്ക്ക് ലഭിച്ചത്. പദ്ധതി രൂപീകരണത്തിനും നിർവ്വഹണത്തിനും രണ്ട് തവണ സംസ്ഥാന തലത്തിൽ അംഗീകാരം നേടിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമയുടെ ജില്ലാതലത്തിലുള്ള ഏകോപനം പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. ആരോഗ്യസംഘത്തെ സജ്ജമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുകയുടെ കൂട്ടായ്മയ്ക്കായി.