കൽപ്പറ്റ: ജില്ലയിൽ കുരങ്ങുപനി പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി ആർ.ഡി.ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുടങ്ങുന്നതിന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ളയുടെ നേതൃത്വത്തിൽ കളക്‌ട്രേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
റവന്യൂ, വനം, വെറ്ററിനറി, മൃഗസംരക്ഷണം, പഞ്ചായത്ത് വകുപ്പുകളുടെ പ്രതിനിധികൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ഉണ്ടാകും. വെറ്ററിനറി ഓഫീസറെ നോഡൽ ഓഫീസറായി നിയമിക്കും.
കന്നുകാലികളും ആളുകളും വനപ്രദേശങ്ങളിൽ സഞ്ചരിക്കുന്നത് രോഗ ബാധയ്ക്ക് ഇടയാക്കും. ഇത് തടയുന്നതിനായി തിരുനെല്ലി പഞ്ചായത്തിലെ കുരങ്ങ് പനി ബാധിത പ്രദേശത്തെ കോളനിവാസികൾക്ക് ഭക്ഷണം, വിറക് എന്നിവയും കന്നുകാലികൾക്ക് തീറ്റയും എത്തിക്കുന്നതിന് നടപടി സ്വീകരിക്കും.
കന്നുകാലികളെ മേയാൻ വിട്ടാൽ പിഴ
രോഗപ്രതിരോധ മാർഗം സ്വീകരിക്കാതെ കന്നുകാലികളെ വനപ്രദേശങ്ങളിലേക്ക് മേയാൻ വിട്ടാൽ പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മൃഗ സംരക്ഷണ വകുപ്പിന്റെ ആറ് സ്‌ക്വാഡുകൾ ഇതിനായി നിരീക്ഷണം നടത്തും. കന്നുകാലികൾക്ക് രോഗപ്രതിരോധ ലേപനം പുരട്ടുന്നതിനായി മാസത്തിൽ രണ്ട് തവണ ക്യാമ്പ് നടത്തും.
തിരുനെല്ലി പഞ്ചായത്തിൽ കാട്ടിൽ നിന്ന് തേൻ ശേഖരിക്കുന്നത് നിരോധിച്ചിട്ടുണ്ട്. രോഗം ബാധിക്കുന്നതിന് സാധ്യതയുള്ള പുഴയോരങ്ങളിൽ ആളുകൾ ഇറങ്ങുന്നത് വനം വകുപ്പിന്റെ നേതൃത്വത്തിൽ ചുവപ്പ് നാട കെട്ടി തടയും. പഞ്ചായത്തിൽ വാഹനത്തിൽ മുന്നറിയിപ്പ് അനൗൺസ്‌മെന്റ് നടത്താനും യോഗത്തിൽ തീരുമാനമായി.
സബ് കളക്ടർ വികൽപ്പ് ഭരദ്വാജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക, ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം) കെ.അജീഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ചിത്രം: കളക്‌ട്രേറ്റിൽ നടന്ന കുരങ്ങുപനി അവലോകന യോഗം.
12 പേർ കൂടി നിരീക്ഷണത്തിൽ
കൽപ്പറ്റ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ 12 പേരെ കൂടി നിരീക്ഷണത്തിലാക്കി. നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത് 815 പേരാണ്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവർ 11 ആണ്. അതേസമയം നിരീക്ഷണത്തിൽ കഴിഞ്ഞു വന്ന 48 പേർ കൂടി നിരീക്ഷണകാലം പൂർത്തിയാക്കി. ഇതോടെ നിരീക്ഷണം പൂർത്തിയാക്കിയവരുടെ എണ്ണം 13121 ആയി.
ജില്ലയിൽ നിന്നും ഇതുവരെ 404 സാമ്പിളുകളിൽ അയച്ചതിൽ 394 എണ്ണത്തിന്റെ ഫലം ലഭിച്ചു. 391 എണ്ണം നെഗറ്റീവാണ്. കൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി 178 സാമ്പിളുകളും ഓഗ്‌മെന്റഡ് സാമ്പിളുകളായി 170 എണ്ണവും ശേഖരിച്ചിട്ടുണ്ട്. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 2524 വാഹനങ്ങളിലായി എത്തിയ 4067 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
15798 പേരുടെ വിവരങ്ങൾ ശേഖരിച്ചു
ജില്ലയിൽ തയ്യാറാക്കിയ വെഹിക്കിൽ ട്രാൻസിസ്റ്റ് മോണിറ്ററിംഗ് ആപ്പിലൂടെ ഇതുവരെ 5266 വാഹനങ്ങളിലായി 15798 പേരുടെ വിവരങ്ങൾ ശേഖരിച്ചു. ഈ ആപ്പ് 7 ജില്ലകളിൽ കൂടി ഉപയോഗപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. പൊലീസ്, മോട്ടോർ വെഹിക്കിൽ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരെയും ഈ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവർക്കും വാഹനങ്ങളുടെ നീക്കം കൃത്യമായി നിരീക്ഷിക്കാൻ കഴിയും.