കൽപ്പറ്റ: ലോക് ഡൗണിൽ കർണാടകയിൽ കുടുങ്ങിയ മലയാളി കുടുംബത്തിന് കേരള പൊലീസ് മരുന്ന് എത്തിച്ച് നൽകി. കുടക് ജില്ലയിലെ സിദ്ധാപുര കോഫീ ബോർഡ് ജൂനിയർ ലെയ്‌സൺ ഓഫീസിൽ എക്സ്റ്റൻഷൻ ഇൻസ്‌പെക്ടറായി ജോലിചെയ്യുന്ന കദീജയുടെ മാതാവിനാണ് മരുന്ന് എത്തിച്ച് നൽകിയത്. സ്ഥിരമായി കഴിക്കുന്ന മരുന്ന് സിദ്ധാപുരയിലെയും പരിസരങ്ങളിലെയും മെഡിക്കൽ ഷോപ്പുകളിൽ ലഭിക്കാത്തതിനെ തുടർന്നാണ് കേരളത്തിൽ നിന്ന് മരുന്ന് കർണാടകയിൽ എത്തിക്കാനുള്ള സാധ്യത ആരാഞ്ഞത്.
രോഗിയുടെ മകളുടെ ഭർത്താവ് ജംഷിദ് കൽപറ്റ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറാണ്. ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ രാജേഷിനെ വിവരം അറിയിക്കുകയും രാജേഷ് മരുന്ന് എത്തിക്കുന്നതിനുള്ള സന്നദ്ധത അറിയിക്കുകയുമായിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ മറ്റൊരു സീനിയർ സിവിൽ പൊലീസ് ഓഫീസറായ റെജി ബാവലി ചെക്ക് പോസ്റ്റിൽ എത്തി അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ മിഥുന് മരുന്ന് കൈമാറി. തിരുനെല്ലി പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സജി ഗോണിക്കുപ്പ വഴി പോകുന്ന ഒരു വാഹനത്തിൽ ഇത് കൊടുത്തു വിടുകയും ഡ്രൈവർ ഗോണിക്കുപ്പ പൊലീസ് സ്റ്റേഷനിൽ മരുന്ന് ഏൽപ്പിക്കുകയുമായിരുന്നു. ഉച്ചയ്ക്ക് 3 മണിയോടെ സിദ്ധാപുരയിൽ താമസിക്കുന്ന രോഗിക്ക് മരുന്ന് എത്തിക്കുകയും ചെയ്തു.