check-post

കോഴിക്കോട്: കൊവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് വലിയങ്ങാടിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ചെക്ക് പോസ്റ്റുകൾ വഴി വരുന്ന വാഹനങ്ങൾ വലിയങ്ങാടിയിലെ പ്രവേശന കവാടത്തിൽ പരിശോധിക്കാൻ പ്രത്യേകം സ്‌ക്വാഡുകളെ നിയോഗിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.

വലിയങ്ങാടിയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് ഒരു വഴിയിലൂടെ മാത്രമായിരിക്കും. വാഹനത്തിന്റെ ഡ്രൈവറെയും സഹായിയെയും പരിശോധിക്കും. കൊവിഡ് ലക്ഷണങ്ങൾ കാണുന്നവരെ നേരിട്ട് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റും.

രണ്ട് ഷിഫ്റ്റിലായുള്ള സ്‌ക്വാഡുകളിലേക്ക് റവന്യൂ ഇൻസ്‌പെക്ടർ/ വില്ലേജ് ഓഫീസർ തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൂടാതെ പൊലീസ് ഉദ്യോഗസ്ഥനും ഒരു ആരോഗ്യ പ്രവർത്തകനുമുണ്ടാവും. അവശ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ആവശ്യമായ രേഖകൾ സൂക്ഷിച്ചിരിക്കണം. വാഹനങ്ങളിലെ ഡ്രൈവർമാരെയും സഹായികളെയും ജില്ലാ അതിർത്തികളിലെ ചെക്ക് പോസ്റ്റുകളിൽ സക്രീനിംഗിന് വിധേയരാക്കി ഇവർക്ക് ഹെൽത്ത് സ്ലിപ്പ് നൽകും. ഈ സ്ലിപ്പിൽ ജില്ലയിൽ പ്രവേശിച്ച ദിവസം, സമയം എന്നിവയുണ്ടാവും. വലിയങ്ങാടി പ്രവേശന കവാടത്തിലെ ടീം പരിശോധിച്ച് സ്ലിപ്പിൽ എത്തിയ സമയം രേഖപ്പെടുത്തും. ഇവർ അനാവശ്യമായി ജില്ലയിൽ കറങ്ങി നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണിത്.
വലിയങ്ങാടി പരിസരം യഥാസമയം അണുവിമുക്തമാക്കാൻ ഡിവിഷണൽ ഫയർ ഓഫീസറെചുമതലപ്പെടുത്തിയിട്ടുണ്ട്.