lock-down

വടകര: പുറപ്പെടാൻ ഒരു ദിവസം വൈകിയത് കാരണം ബീഹാർ സ്വദേശികളായ വിദ്യാർത്ഥികളും രക്ഷാതാക്കളും വടകരയിൽ കുടുങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. വടകര തോടന്നൂരിലെ വിദ്യപ്രകാശ് സ്‌കൂളിലെ ബീഹാർ സ്വദേശികളായ വിദ്യാർത്ഥികളും കൂട്ടാനെത്തിയ രക്ഷിതാക്കളുമാണ് ലോക് ഡൗണിൽ കുരുങ്ങിയത്. രണ്ട് പെൺകുട്ടികളും ഒരു ആറ് വയസുകാരനും കൂട്ടത്തിലുണ്ട്.

മാർച്ച് 23നാണ് 10 വിദ്യാർത്ഥികളും രക്ഷിതാക്കളും തീവണ്ടിയ്‌ക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നത്. എന്നാൽ 22ന് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ യാത്ര മുടങ്ങി. വിദ്യപ്രകാശ് സ്‌കൂളിലെ ഹോസ്റ്റലിലാണ് ഇപ്പോൾ താമസം. ഭക്ഷണവും മറ്റ് അത്യാവശ്യ സൗകര്യങ്ങളും സ്‌കൂൾ മാനേജ്മെന്റാണ് നൽകുന്നത്.

കേരള - ബീഹാർ സർക്കാരുകളുമായി മാനേജ്മെന്റും വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ബന്ധപ്പെട്ടെങ്കിലും ഇതുവരെ യാത്ര അനുമതി ലഭിച്ചിട്ടില്ല. സ്ഥിരമായി മരുന്ന് കഴിക്കുന്ന രക്ഷിതാക്കളും കൂട്ടത്തിലുണ്ട്. എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന ആഗ്രഹത്തിൽ ലോക് ഡൗൺ പിൻവലിക്കുന്നതും കാത്ത് കഴിയുകയാണ് ഇവർ.