img202004

മുക്കം: നാടാകെ ലോക്ക് ഡൗണിൽ അടച്ചിരിക്കുന്നതിനിടെ ബൈക്ക് മോഷ്ടിച്ച് വിലസുന്ന കുട്ടിമോഷ്ടാക്കൾ ഒടുവിൽ മുക്കം പൊലീസിന്റെ പിടിയിലായി. മോഷ്ടിച്ച ബൈക്കിൽ പൊലീസിനെ വെട്ടിച്ചുകടക്കാൻ ശ്രമിച്ച രണ്ടു പേരാണ് ആദ്യം കുടുങ്ങിയത്. ഇവരെ ചോദ്യം ചെയ്തതോടെ മൂന്നാമനും വെട്ടിലായി.

ലോക്ക് ഡൗണിന്റെ ഭാഗമായുള്ള പട്രോളിംഗിനിടെ പൊലീസ് കാരശ്ശേരി പഞ്ചായത്ത്‌ ഓഫീസ് പരിസരത്തെത്തിയപ്പോൾ രണ്ടു പേർ അമിതവേഗത്തിൽ പൾസർ ബൈക്കിൽ പൊലീസിന്റെ മുന്നിൽ പെടുകയായിരുന്നു. ഇവർ പെട്ടെന്നു ബൈക്ക് വെട്ടിത്തിരിച്ചു നേരെ മുക്കം ടൗണിന്റെ ഭാഗത്തേക്ക് ഓടിച്ചു. എന്നാൽ, അല്പമകലെ മുക്കം പാലത്തിനടുത്ത് പിക്കറ്റ്‌ പോസ്റ്റിലെ പൊലീസിനെ കണ്ടതോടെ മടങ്ങിയപ്പോൾ വീണ്ടും പൊലീസ് വാഹനത്തിനു മുന്നിൽ പെട്ടു. പിന്നെ പൊടുന്നനെ ഇരുവരും വാഹനം ഉപേക്ഷിച്ചു പഞ്ചായത്ത് ഓഫീസിനു താഴെയുള്ള റോഡിലൂടെ ഓടി. ഇരുവഞ്ഞി പുഴയിൽ ചാടി നീന്തി രക്ഷപ്പെടാൻ നോക്കിയെങ്കിലും സ്റ്റേഷനിൽ വിവരമെത്തി കൂടുതൽ പൊലീസ് എത്തിയതോടെ ആ ശ്രമം പിഴച്ചു. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തതോടെ ജില്ലയ്ക്കകത്തു നിന്നും പുറത്തുനിന്നുമായി നിരവധി ബൈക്കുകൾ മോഷണം നടത്തിയതായി ഇവർ കുറ്റമേറ്റു. പിറകെ കുറ്റിപ്പാല കോളനിയിൽ നിന്നു കൂട്ടുപ്രതിയെയും പിടികൂടി.

പൾസറിനു പുറമെ ചേന്ദമംഗല്ലൂരിൽ നിന്നു മോഷ്ടിച്ച ഒരു സ്‌പ്ലെൻഡർ ബൈക്ക് പ്രതികളിലൊരാളുടെ കല്ലുരുട്ടിയിലുള്ള വീട്ടിൽ നിന്നു പൊലീസ് കണ്ടെടുത്തു. വയനാട്ടിൽ നിന്ന് ഒരു സ്കൂട്ടറും താമരശ്ശേരി പുതുപ്പാടിയിൽ നിന്ന് ഒരു പൾസർ ബൈക്കും മോഷ്ടിച്ചതായി പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച ബൈക്കുകൾ വ്യാജനമ്പർ ഘടിപ്പിച്ചു ഉപയോഗിക്കുന്നതാണ് പ്രതികളുടെ രീതി.

മുക്കം ഇൻസ്‌പെക്ടർ ബി.കെ.സിജുവിന്റെ നേതൃത്വത്തിൽ എസ്ഐ കെ. ഷാജിദ്, എസ്.ഐ.ജലീൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ലിനേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷഫീഖ് നീലിയാനിക്കൽ, സുഭാഷ്, നാസർ എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.