സുൽത്താൻ ബത്തേരി: ബത്തേരി പട്ടണത്തിലെ ഗതാഗത തടസത്തിന് പരിഹാരം കാണുന്നതിനായി നഗരസഭ ഡ്രീം പ്രൊജക്ടായി തുടങ്ങിയ രാജീവ് ഗാന്ധി മിനി ബൈപാസ് റോഡിന്റെ നിർമ്മാണം പൂർത്തിയായി.
കൈപ്പഞ്ചരി റോഡിൽ നിന്ന് 1.200 കിലോമീറ്റർ ദൂരത്തിൽ കല്ലുവയലിൽ വന്നുചേരുകയും അവിടെ നിന്ന് ഗ്യാസ് പമ്പ്, സ്റ്റേഡിയം റോഡ് വഴി കോടതി കോപ്ലക്സിന്റെ പിറകിലൂടെ ദേശിയപാതയിൽ എത്തിച്ചേരുകയും ചെയ്യുന്നതാണ് രാജീവ് ഗാന്ധി മിനി ബൈപാസ് റോഡ്.

റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചതോടെ ബത്തേരി പട്ടണത്തിലെ ഗതാഗതകുരുക്കിന് പരിഹാരമാകും. പട്ടണത്തിൽ ആഘോഷപരിപാടികളോ പ്രകടനങ്ങളോ നടന്നാൽ ബദൽപാതയില്ലാത്തതിനാൽ ദേശീയപാതയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുക പതിവായിരുന്നു.
കഴിഞ്ഞ വർഷം തന്നെ റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ച് ഗതാഗതത്തിനായി റോഡ് തുറന്ന് കൊടുക്കാനായിരുന്നു തീരുമാനം. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം നിർമ്മാണം പൂർത്തീകരിക്കാനായില്ല.

മാർച്ച് അവസാനത്തോടെ റോഡ് തുറന്ന് കൊടുക്കാനായി നിർമ്മാണം നടന്നുകൊണ്ടിരിക്കെയാണ് കൊവിഡ് 19 വ്യാപനമുണ്ടായത്. ഇതോടെ നിർമ്മാണത്തിന്റെ അവസാന ഘട്ടം പൂർത്തീകരിക്കാനായില്ല. ജില്ലയിൽ ലോക്ഡൗൺ ഇളവ് വന്നതോടെ റോഡിന്റെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുകയായിരുന്നു.