drinking-water

കോഴിക്കോട്: വേനൽ ചൂടിൽ കിണറുകൾ വറ്റിയിട്ടും കനാൽ തുറന്നുവിടാത്തതിനാൽ കുണ്ടൂപറമ്പ്, എടക്കാട് പ്രദേശത്തുകാർ അനുഭവിക്കുന്നത് കടുത്ത ദുരിതം. വേനലിൽ കിണർ വറ്റി തുടങ്ങുന്ന പ്രദേശത്തിന് ഏക ആശ്രയമാണ് കുറ്റ്യാടി പെരുവണ്ണാമൂഴി ഇറിഗേഷൻ പദ്ധതി വഴി കനാലിലേക്ക് തുറന്നു വിടുന്ന വെള്ളം. എന്നാൽ ഇത്തവണ കുണ്ടൂപറമ്പ്, എടക്കാട്, പാലക്കട ഭാഗങ്ങളിൽ കനാൽ വെള്ളം എത്തിയിട്ടില്ല. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് കനാലിൽ വെള്ളം വന്നിരുന്നത്.

@ വെള്ളം നിർത്തിയത് അറിയിപ്പില്ലാതെ

ഏപ്രിൽ രണ്ടാംവാരം പുതിയങ്ങാടിയിൽ നിന്ന് എടക്കാട്, പാലക്കട ഭാഗങ്ങളിലേക്ക് വെള്ളം കടത്തി വിടുന്ന കനാൽ തുറന്നിരുന്നു. എന്നാൽ ഏപ്രിൽ 18 ആയിട്ടും വെള്ളം എത്തിയില്ല. 23ന് വെളളം തുറന്നു വിടുന്നത് നിർത്തുമെന്ന് മനസിലാക്കി പ്രദേശവാസികൾ വാർഡ് കൗൺസിലർ എം.ശ്രീജയുടെ നേതൃത്വത്തിൽ മേയർ, എം. എൽ.എ, അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ എന്നിവരുമായി ബന്ധപ്പെടുകയും എൻജിനീയറുടെ നിർദ്ദേശപ്രകാരം തൊഴിലുറപ്പ് തൊഴിലാളികൾ കനാൽ വൃത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ മീപ്പം റോഡിലെത്തിയ വെള്ളം 26ന് രാത്രി പാലക്കടയിൽ എത്തിക്കുകയും 27ന് രാവിലെ മുന്നറിയിപ്പില്ലാതെ നിർത്തി വയ്ക്കുകയുമായിരുന്നു. എട്ടു ദിവസം വെള്ളം ലഭിക്കാൻ കനാൽ വൃത്തിയാക്കിയ എടക്കാടുകാർക്ക് വെള്ളം കിട്ടാത്തത് തിരിച്ചടിയായി.

#പുതിയങ്ങാടിയിൽ നിന്ന് എടക്കാടേക്ക് 7.5 കിലോമീറ്റർ മാത്രം

#കനാലിന്റെ അവസാന ഭാഗമായതിനാൽ അവഗണന

#കനാൽ വെള്ളം വന്നില്ലെങ്കിൽ കിണറുകൾ വറ്റും

#പച്ചക്കറി കൃഷി നശിക്കും

#പൈപ്പ് കണക്ഷനുള്ളത് കുറച്ചു വീടുകളിൽ മാത്രം

#വണ്ടികളിൽ വെള്ളമെത്തിക്കുക ദുഷ്ക്കരം

"പ്രദേശവാസികളോടുള്ള വിശ്വാസ വഞ്ചന. നാട്ടുകാർ പ്രതിഷേധിച്ചതോടെ രണ്ടാഴ്ച കഴിഞ്ഞാൽ വെള്ളം തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ആയിരത്തിലേറെ കുടുംബങ്ങളെയാണ് ഇത് ബാധിക്കുന്നത്".

ശ്രീജ ,വാർഡ് കൗൺസിലർ

" തുടർച്ചയായി കുറച്ചു ദിവസമെങ്കിലും വെള്ളം കിട്ടിയാലേ ഈ ഭാഗങ്ങളിലെ പ്രശ്‌നത്തിന് പരിഹാരമാവൂ. വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സമയത്ത് വെള്ളം കൂടി കിട്ടാതായാൽ ജനങ്ങളുടെ ദുരിതമേറും".-

നാരായണൻ, നാട്ടുകാരൻ