bvco

കോഴിക്കോട്: ലോക്ക് ഡൗണിൽ മദ്യശാലകൾക്ക് താഴ് വീണതോടെ മദ്യപാനം ഉപേക്ഷിക്കാൻ സന്നദ്ധരാവുന്നത് നിരവധി പേർ. ഇതിനുള്ള നിർദ്ദേശങ്ങൾക്കായി എക്‌സൈസിന്റെ 'വിമുക്തി" കൗൺസലിംഗ് സെന്ററുകളിലേക്കാണ് പലരും വിളിക്കുന്നത്. ഒരു മാസത്തിനിടെ ഇത്തരത്തിൽ വിമുക്തിയിൽ വിളിച്ചത് 740 പേർ. മദ്യം കിട്ടാതെ മാനസിക വിഭ്രാന്തിയിലായവരും ബന്ധുക്കളുമാണ് ആദ്യം വിളിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വിളിക്കുന്നവരിലധികവും മദ്യപാനം പൂർണമായും ഉപേക്ഷിക്കാനുള്ള വഴിയാണ് തേടുന്നത്. ലോക്ക് ഡൗൺ കഴിഞ്ഞ് ചികിത്സ തുടങ്ങാമെന്നാണ് ഇവർക്ക് 'വിമുക്തി" നൽകുന്ന മറുപടി.

 മാനസിക പ്രശ്‌നങ്ങളും

മദ്യം കിട്ടാതായപ്പോൾ പലരും മാനസിക വിഭ്രാന്തിയിലായിരുന്നുവെന്ന് ഡി-അഡിക്ഷൻ കേന്ദ്രങ്ങളിലെ മനോരോഗ വിദഗ്‌ദ്ധർ പറയുന്നു. ആത്മഹത്യാ പ്രവണത, ഉറക്കക്കുറവ്, അമിതമായ വിയർപ്പ്, ദഹനപ്രശ്‌നങ്ങൾ, നിർജലീകരണം, അസ്വസ്ഥത, ക്ഷോഭം,വിശപ്പില്ലായ്മ, മനംപുരട്ടൽ, ഛർദി, ഉത്കണ്ഠ, സങ്കോചം, വിറയൽ, ശക്തമായ തലവേദന, അപസ്മാരം, എന്നിങ്ങനെയായിരുന്നു പ്രശ്‌നങ്ങൾ. എന്നാലിത് ഏഴു മുതൽ പത്തു ദിവസത്തിനകം പരിഹരിച്ചു. ആരോഗ്യനിലയും മെച്ചപ്പെട്ടു. മദ്യ രഹിത ജീവിതം സാദ്ധ്യമാണെന്ന് ബോധ്യമായവരാണ് മുക്തിയിലേക്ക് വിളിച്ച് ശാസ്ത്രീയമായ വഴി തേടുന്നത്.

ഡി-അഡിക്ഷൻ കേന്ദ്രങ്ങൾ

 മദ്യാസക്തി കാരണം വിഷമിക്കുന്നവർക്ക് സൗജന്യ വൈദ്യസഹായം

 പ്രവർത്തനം എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന് കീഴിൽ

 മനോരോഗ വിദ‌ഗ്ദ്ധരടക്കമുള്ള ഡോക്ടർമാരു സേവനം

 മനശാസ്ത്രജ്ഞർ മുഖേനയുള്ള കൗൺസലിംഗ്

 സൈക്യാട്രിക് മെഡിസിൻ, എവർഷൻ തെറാപ്പി, ഫാമിലി കൗൺസലിംഗ്

 ആൽക്കഹോളിക് അനോനിമസ് എന്ന സംഘടനയുടെ സഹായം

 ടെലിഫോൺ കൗൺസലിംഗ്

'ലോക്ക് ഡൗണിൽ മദ്യപാനം മുടങ്ങിയതിനെ അനുകൂലമായി ഉപയോഗിക്കണം. കുടി നിറുത്തിയവരെ സ്‌നേഹിച്ചും പ്രോത്സാഹിപ്പിച്ചും വ്യത്യസ്ത ജീവിതം നൽകാൻ സാധിക്കണം".

- ഡോ. സി.ജെ. ജോൺ, മനേരോഗ വിദഗ്‌ദ്ധൻ