കൽപ്പറ്റ: ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ പെട്ട് പോയവരെ തിരികെ കൊണ്ടു വരുന്നതിന് മുന്നോടിയായി അതിർത്തി ചെക്‌പോസ്റ്റുകളിൽ പ്രവേശന കേന്ദ്രങ്ങളും ആശുപത്രി സൗകര്യവും ഒരുക്കുമെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു.

അപേക്ഷകൾ സംസ്ഥാന തലത്തിൽ പരിഗണിച്ചു വരികയാണ്. ആളുകളെ തിരികെ കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങൾ സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം നിർവ്വഹിക്കും.
വഴിവാണിഭ കച്ചവട സ്ഥാപനങ്ങൾ തുറക്കാൻ പാടില്ലെന്ന് കളക്ടർ അറിയിച്ചു. ഇത്തരത്തിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കും. ഷോപ്പുകൾ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ. ഇവിടങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം സാമൂഹിക അകലം പാലിക്കേണ്ടതാണ്.


കുരങ്ങ്പനി പ്രതിരോധ കുത്തിവെപ്പ്

കുരങ്ങ്പനി രണ്ടാം ഘട്ട പ്രതിരോധ കുത്തിവെപ്പ് മെയ് അവസാനത്തോടെ പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ 5228 പേരാണ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചത്. ഇപ്പോൾ 2346 പേർക്ക് രണ്ടാം ഘട്ട പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. എട്ട് പേർക്ക് ബൂസ്റ്റർ ഡോസും നൽകി. ജില്ലയിൽ അടുത്തിടെ മരിച്ച കേളുവിന്റെ മരണ കാരണം കുരങ്ങ് പനിയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ 3 മരണങ്ങളാണ് കുരങ്ങ് പനിയുടേതായി സ്ഥിരീകരിച്ചിട്ടുള്ളത്.
കുരങ്ങ് പനിയുടെ സാഹചര്യത്തിൽ കോളനികൾ വൃത്തിയാക്കുന്നതിന് തൊഴിലുറപ്പ് പ്രവർത്തകരെ ഏർപ്പെടുത്തും. കോളനികളിൽ നിന്ന് വളർത്തു മൃഗങ്ങളെ കാടുകളിൽ മേയാൻ വിടുന്നത് നിയന്തിക്കുന്നതിനായി പ്രത്യേക ആപ്പ് തയ്യാറാക്കും. എൻ.ഐ.സിക്കാണ് ഇതിന്റെ ചുമതല.


44 പേർ കൂടി നിരീക്ഷണ കാലം പൂർത്തിയാക്കി
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിഞ്ഞ 44 പേർ കൂടി നിരീക്ഷണക്കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 820 ആണ്. വ്യാഴാഴ്ച ജില്ലയിൽ 4 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 13 ആണ്. ജില്ലയിൽ നിന്ന് പരിശോധനയ്ക്കയച്ച 412 സാമ്പിളുകളിൽ 394 എണ്ണത്തിന്റെ ഫലം ലഭിച്ചു. 15 എണ്ണത്തിന്റെ പരിശോധന ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ നിന്ന് പരിശോധനയ്ക്ക് അയച്ച 170 സാമ്പിളുകളിൽ മുഴുവനും നെഗറ്റീവ് ആണെന്ന് കളക്ടർ അറിയിച്ചു.

14 ചെക്ക് പോസ്റ്റുകളിൽ 1913 വാഹനങ്ങളിലായി എത്തിയ 3094 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയില്ല.