കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണവും അടിയന്തരമായി പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ എസ്.സാംബശിവ റാവു നിർദ്ദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ് , സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് നിർദ്ദേശം.
കോഴിക്കോട് കോർപ്പറേഷനിലെ ഓവുചാൽ അറ്റകുറ്റപ്പണികൾ, കനാൽ നവീകരണം എന്നിവ കാലവർഷത്തിന് മുമ്പായി പൂർത്തീകരിക്കണം. ഈ പ്രവൃത്തികൾക്ക് ലോക്ക് ഡൗൺ ബാധകമല്ല.
തോടുകളിലും പുഴകളിലും അടിഞ്ഞുകൂടിയ എക്കൽ, പാറകൾ എന്നിവ നീക്കം ചെയ്യുന്ന പ്രവൃത്തികൾ മഴയ്ക്ക് മുമ്പായി പൂർത്തിയാക്കാൻ യോഗത്തിൽ നിർദ്ദേശം നൽകി.
ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ പടരുന്നത് തടയാൻ ശുചീകരണ പ്രവർത്തനങ്ങൾ, സൂപ്പർ ക്ലോറിനേഷൻ, ഉറവിട നശീകരണം എന്നിവ ഉടൻ പൂർത്തിയാക്കണം.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ രോഗലക്ഷണങ്ങൾ കൊവിഡ് 19 ജാഗ്രതാപോർട്ടലിൽ അപ്‌ലോഡ് ചെയ്തുവെന്ന് സെക്രട്ടറിമാർ ഉറപ്പാക്കണം. ഇതിനായി മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർ, വാർഡ് തല റാപ്പിഡ് റെസ്‌പോൺസ് ടീം എന്നിവരുടെ യോഗം വിളിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
കച്ചവടസ്ഥാപനങ്ങൾക്ക് ഇളവ്
കെട്ടിട നിർമ്മാണ സാമഗ്രികളുടെ കച്ചവട സ്ഥാപനങ്ങൾ ബുധൻ, വെള്ളി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായുള്ള പല ജോലികളും പുനരാരംഭിക്കാൻ തടസ്സമാകുന്ന ക്വാറി ഉല്‍പന്നങ്ങളുടെ ദൗർലഭ്യം പരിഹരിക്കാൻ ക്വാറികളും ക്രഷറുകളും ശനിയാഴ്ച തുറന്ന് പ്രവർത്തിക്കാം. ജില്ലക്കുള്ളിൽ ഇതിനാവശ്യമായ വാഹന പെർമിറ്റുകൾ സെക്രട്ടറിമാർ അനുവദിക്കും. ഇളവനുവദിച്ച കച്ചവടസ്ഥാപനങ്ങൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ച് മണിവരെ തുറന്ന് പ്രവർത്തിക്കാം.