കോഴിക്കോട്: ജില്ലയിലെ കൊവിഡ് രോഗികളിൽ ഒരാൾ കൂടി രോഗമുക്തി നേടി. അഴിയൂർ സ്വദേശിയാണ് അസുഖം ഭേദമായി ഇന്നലെ ആശുപത്രി വിട്ടത്. ഇതോടെ രോഗമുക്തി നേടിയ കോഴിക്കോട് സ്വദേശികളുടെ എണ്ണം 21 ആയി. ഒരു തമിഴ്‌നാട് സ്വദേശി ഒരു കണ്ണൂർ സ്വദേശിയും ഉൾപ്പെടെ നാലു പേരാണ് ജില്ലയിൽ കൊവിഡ് പോസിറ്റീവായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ഇന്നലെ 24 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരുടെ എണ്ണം 22,040 ആയി. ഇപ്പോൾ 1,247 പേർ നിരീക്ഷണത്തിലുണ്ട്. പുതുതായി വന്ന 15 പേർ ഉൾപ്പെടെ 42 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 26 പേരെ ഡിസ്ചാർജ് ചെയ്തു.
ഇന്നലെ 69 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 1475 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 1400 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 1370 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 75 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ 18 പേരെ ഇന്നലെ കൗൺസലിംഗിന് വിധേയരാക്കി. 216 പേർക്ക് ഫോണിലൂടെയും സേവനം നൽകി. ജില്ലയിൽ 2,310 സന്നദ്ധസേന പ്രവർത്തകർ 9,030 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി. ബോധവത്കരണത്തിന്റെ ഭാഗമായി പുതുപ്പാടിയിൽ മൈക്ക് പ്രചാരണവുമുണ്ടായിരുന്നു.