മാനന്തവാടി: മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നിലപാട് സ്വീകരിച്ചതോടെ മാസ്ക്കിന് ഡിമാന്റ് കൂടി. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം പൊലീസ് കടുത്ത നിലപാട് സ്വീകരിക്കുകയും മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ പിടികൂടി പിഴ ഈടാക്കാനും തുടങ്ങിയ തോടെയാണ് വിൽപ്പന തകൃതിയായത്.
പൊലീസ് വാഹന പരിശോധനക്കൊപ്പം മാസ്ക്ക് പരിശോധനയും ആരംഭിച്ചു.
വിവിധ വർണ്ണങ്ങളിലും, വലിപ്പത്തിലുമുള്ള മാസ്ക്കുകൾ വിപണിയിലെത്തിയിട്ടുണ്ട്. കഴുകി വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തുണികൊണ്ട് നിർമ്മിച്ചവ, ഡിസ്പോസബിൾ മാസ്ക്കുകൾ എന്നിവ 15 രൂപ മുതൽ 30 രൂപ വരെ വിലയ്ക്ക് കടകളിലെല്ലാം വിൽപ്പനയ്ക്കുണ്ട്. മാസ്ക്കുകൾക്ക് നിത്യേന ആവശ്യക്കാർ വർദ്ധിച്ച് വരികയാണെന്ന് വ്യാപാരികൾ പറയുന്നു.
അതേസമയം ഉപയോഗിച്ച മാസ്ക്കുകൾ നശിപ്പിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് വ്യക്തമായ ധാരണയില്ലാത്തതിനാൽ റോഡരികിലും പൊതുസ്ഥലങ്ങളിലും ഇവ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
മാസ്ക്ക് ധരിക്കാത്തവർക്കുള്ള പിഴ സംബന്ധിച്ച് ആശയകുഴപ്പം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബത്തേരിയിൽ 5000 രൂപ പിഴ ചുമത്തിയത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഡി.ജി.പി യുടെ സർക്കുലറിൽ ആദ്യതവണ 200 രൂപ പിഴ ഈടാക്കാനാണ് നിർദ്ദേശിച്ചിരുന്നത്.