കൊടിയത്തൂർ: 38 വർഷത്തെ അദ്ധ്യാപന ജിവത്തിൽ നിന്ന് സോഫിയ ടീച്ചർ ഇന്നലെ പടിയിറങ്ങി. ചുള്ളിക്കാപറമ്പ് സർക്കാർ എൽ.പി.എസിലെ പ്രധാനാദ്ധ്യാപികയായാണ് സോഫിയ വിരമിച്ചത്. മണക്കാട് യു.പി.എസ്, ജി.എച്ച്.എസ് നീലേശ്വരം, ജി.എച്ച്.എസ് ചെറുവാടി, ജി.എച്ച്.എസ് കൊടുവള്ളി, ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ, ജി.എം.യു.പി കൊടിയത്തൂർ, ജി.എച്ച്.എസ് നായർക്കുഴി എന്നിവിടങ്ങളിൽ അദ്ധ്യാപികയായും ജി.എൽ.പി.എസ് ഏരിമല, ജി.എൽ.പി.എസ് കക്കാട് എന്നിവിടങ്ങളിൽ ഹെഡ്മിസ്ട്രസായും സേവനമനുഷ്ഠിച്ചിരുന്നു.
അറുപത് വർഷത്തെ പഴക്കമുള്ള ചുള്ളിക്കാപറമ്പ് ഗവ. എൽ.പി.എസിന്റെ അക്കാഡമിക നിലവാരം, സാമൂഹ്യ ബന്ധം, സർഗവാസന എന്നിങ്ങനെ വിവിധ മേഖലകളിൽ ഉയരങ്ങളിലെത്തിച്ചാണ് ടീച്ചർ പടിയിറങ്ങിയത്. ലോക്ക് ഡൗൺ കാരണം യാത്രയ അയപ്പും പൊന്നാടകളും മൊമെന്റോയും പ്രസംഗങ്ങളുമില്ലാതെയാണ് ടീച്ചർ പടിയിറങ്ങുന്നത്.
എന്നാൽ അനുഷ്ഠാനങ്ങളോ ചടങ്ങുകളോ അല്ല മറിച്ച് കർമ്മമാണ് പ്രധാനമെന്ന് സോഫിയ ടീച്ചർ പറയുന്നു. കുട്ടികളുടെ ഹൃദയങ്ങളിൽ ഓർമ്മിക്കപ്പെടുന്നതാണ് ധന്യതയെന്നും അവർ പറഞ്ഞു. അതിനിടെ ടീച്ചർക്ക് കുട്ടികൾ ഓൺ ലൈനിൽ നൽകിയ യാത്രയയപ്പ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലുമായി.