കോഴിക്കോട്: ലോക്ക് ഡൗണിനെ തുടർന്ന് മരുന്നുവാങ്ങാൻ കഴിയാത്തയാൾക്ക് കൊയിലാണ്ടി അഗ്നിരക്ഷാസേന മുംബയിൽ നിന്ന് മരുന്നെത്തിച്ചു. ഊരള്ളൂർ, ഊട്ടേരി, അത്യോട്ടുമീത്തൽ പുഷ്‌പയ്‌ക്കാണ് മരുന്നെത്തിച്ചത്.
ഒരു ലക്ഷം രൂപ വിലയുള്ള മരുന്ന് മുംബയിലെ വി-കെയർ ഫൗണ്ടേഷൻ സൗജന്യമായാണ് നൽകിയിരുന്നത്. എന്നാൽ ലോക്ക് ഡൗൺ കാരണം മരുന്ന് കിട്ടാതായ വിവരമറിഞ്ഞ സിവിൽ ഡിഫെൻസ് വോളണ്ടിയർ ശ്രീരാജ് ഇക്കാര്യം ഫയർ സ്റ്റേഷനിൽ അറിയിച്ചു. ഉടൻ സിവിൽ വളണ്ടിയർ അഷ്‌റഫ് മുഖേന ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ മഹാരാഷ്ട്ര ജനറൽ സെക്രട്ടറി അഡ്വ. പ്രേമമേനോനുമായി ബന്ധപ്പെട്ട് ശ്രമമാരംഭിച്ചു. വിലയേറിയ മരുന്ന് നേരിട്ടു നൽകാൻ പ്രയാസമറിയച്ചപ്പോൾ കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദൻ സ്ഥാപനവുമായി ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്നാണ് നൽകിയത്.
തുടർന്ന് മലയാളി അസോസിയേഷൻ പ്രവർത്തകർ മരുന്ന് ശേഖരിച്ച് കാസർകോട്ടേക്ക് വന്ന സ്‌നേഹ മാത്യു എന്ന നഴ്‌സിന്റെ ആംബുലൻസിൽ കൊടുത്തയച്ചു. തുടർന്ന് റീജിയണൽ ഫയർ ഓഫീസർ അബ്ദുൽ റഷീദിന്റെ നിർദ്ദേശപ്രകാരം ഫയർ ഫോഴ്സിന്റെ വാഹനത്തിൽ കാസർകോട് നിന്ന് കൊയിലാണ്ടിയിലുള്ള വീട്ടിലെത്തിച്ചു. ദിവസവും ഇരുപതിലധികം ആളുകൾക്ക് ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ മരുന്നെത്തിക്കുന്നുണ്ട്. മരുന്ന് ആവശ്യമുള്ളവർ 101 എന്ന നമ്പറിൽ വിളിച്ചാൽ വാട്‌സ്ആപ്പ് നമ്പർ നൽകും. മരുന്നിന്റെ കുറിപ്പടി ആ നമ്പറിലേക്ക് അയക്കണം.
കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. സതീശൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ മനുപ്രസാദ്, മനോജ്, സിവിൽ ഡിഫെൻസ് വളണ്ടിയർമാരായ അഷ്‌റഫ് കാപ്പാട്, ശ്രീരാജ്, നിഥിൻലാൽ എന്നിവർ പങ്കെടുത്തു.