കൽപ്പറ്റ: ഉറ്റവരെ സാക്ഷിയാക്കി മണലാരണ്യത്തിലെ 20 വർഷത്തെ ജീവിതം നെഞ്ചോട് ചേർത്ത അറക്കൽ ജോയി (52) ഇന്ന് ഓർമ്മയാകും. കഴിഞ്ഞ വ്യാഴാഴ്ച അന്തരിച്ച ജോയിയുടെ മൃതദേഹവുമായി ഇന്നലെ വൈകിട്ട് നാലരയോടെയാണ് ദുബായ് വിമാനത്താവളത്തിൽ നിന്ന് ചാർട്ടേഡ് എയർ ആംബുൻസിൽ കരിപ്പൂരിലേക്ക് തിരിച്ചത്. ഭാര്യ സെലിൻ, മക്കളായ അരുൺ, ആഷ്ലി എന്നിവർ ഒപ്പമുണ്ടായിരുന്നു. ഡെൽഹിയിൽ നിന്നാണ് എയർ ആംബുലൻസ് ദുബായിലേക്ക് അയച്ചത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ദുബായ് വിമാനത്താവളത്തിലെത്തിച്ചത് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ്. വിശാല സൗഹൃദങ്ങളുണ്ടായിരുന്ന ജോയി ദുബായിയോട് വിട പറയുമ്പോൾ സാക്ഷിയാകാൻ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യമായ ഇന്നോവ റിഫൈനറി ഗ്രൂപ്പ് ഒഫ് കമ്പനിയിലെ ഏതാനും ജീവനക്കാർ മാത്രം. സഹോദരിയുടെ മകൻ വിപിൻ, ഇന്നോവ കമ്പനി മാനേജർ രാജേഷ് എന്നിവരുൾപ്പടെ വിരലിൽ എണ്ണാവുന്നവർ എത്തിയിരുന്നു.
രാത്രിയാണ് എയർ ആംബുലൻസ് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. തുടർന്ന് ഒരു മണിക്കൂറോളം നീണ്ട നടപടിക്രമങ്ങൾക്കു ശേഷം മാനന്തവാടി ജില്ലാ ആശുപത്രിയിലെ ആംബുലൻസിൽ മൃതദേഹം ജന്മനാട്ടിലെ അറക്കൽ പാലസിലെത്തിച്ചു. ഭാര്യയും മക്കളും കാറിൽ അനുഗമിച്ചു. കാറിന്റെയും ആംബുലൻസിന്റെയും ഡ്രൈവർമാർ ക്വാറന്റൈനിൽ പോകേണ്ടി വരും.
ഇന്ന് രാവിലെ ഏഴിന് മാനന്തവാടി കണിയാരം കത്തീഡ്രൽ ദേവാലയ സെമിത്തേരിയിലാണ് സംസ്‌കാരം. വീടിന് സമീപത്തെ പതിനഞ്ച് ബന്ധുക്കൾക്ക് മാത്രമാണ് മൃതദേഹം കാണാൻ അവസരമുണ്ടാവുക. കണിയാരം കത്തീഡ്രലിൽ അഞ്ച് പേർക്കു പ്രവേശനമുണ്ടാകും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കർശനനിയന്ത്രണമാണ് അറക്കൽ പാലസിലും കത്തീഡ്രലിലും ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. മാദ്ധ്യമപ്രവർത്തകർക്കും പ്രവേശനമില്ല.
കണിയാരം കത്തീഡ്രലിലെ കുടുംബ കല്ലറയിൽ അര മണിക്കൂർ കൊണ്ട് ചടങ്ങുകൾ തീർക്കും. രണ്ടു വർഷം മുമ്പ് മരിച്ച അമ്മ ത്രേസ്യയുടെ മൃതദേഹം അടക്കിയത് ഇവിടെയാണ്. ഒടുവിൽ നാട്ടിൽ വന്ന ശേഷം ജോയി ദുബായിയിലേക്ക് പോയത് ജനുവരി ഒന്നിനായിരുന്നു.