മലപ്പുറം: നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ചട്ടിപ്പറമ്പിൽ ഇന്നലെ നൂറോളം അന്യസംസ്ഥാന തൊഴിലാളികൾ റോഡിൽ പ്രതിഷേധ പ്രകടനം നടത്തി. ചട്ടിപ്പറമ്പിലെ മൂന്ന് ക്വാർട്ടേഴ്സുകളിൽ താമസിക്കുന്നവരാണിവർ. സംഭവം വിവാദമായതോടെ ലേബർ കമ്മിഷണർ പ്രണബ് ജ്യോതിനാഥ് മലപ്പുറം ജില്ലാ ലേബർ ഓഫീസർ ടി.വി.രാഘവന് അടിയന്തരമായി വിഷയത്തിലിടപെടാൻ നിർദ്ദേശമേകി. തുടർന്ന് ജില്ലാ ലേബർ ഓഫീസർ, കോഡൂർ, കുറുവ, പൊന്മള പഞ്ചായത്ത് പ്രസിഡന്റുമാർ, ഡിവൈ.എസ്.പി എന്നിവർ സ്ഥലത്തെത്തി തൊഴിലാളികളുമായി ചർച്ച നടത്തി. കൊവിഡിന്റെ പശ്ചാത്തലത്തിൽ വാഹനസൗകര്യം ഉറപ്പാകുമ്പോൾ തിരിച്ചുപോകാൻ അവസരമൊരുക്കുമെന്ന ഉറപ്പിൽ പ്രശ്നം പരിഹരിച്ചു. ഭക്ഷണം കൃത്യമായി കിട്ടുന്നുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു. ഭക്ഷണമല്ല, നാട്ടിലെത്താൻ സൗകര്യം ചെയ്തു തരണമെന്നതായിരുന്നു തൊഴിലാളികളുടെ ആവശ്യം.
ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് കൂട്ടം ചേർന്നതിനും പ്രകടനം നടത്തിയതിനും പ്രതിഷേധക്കാർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രകടനത്തിന് പിന്നിൽ ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി മൂന്ന് തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഇതു സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ പറഞ്ഞു. സോഷ്യൽമീഡിയാ സന്ദേശം വഴിയാണോ ഒത്തുകൂടിയതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രദേശത്തെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നേരത്തെ കോട്ടയത്ത് പായിപ്പാട്ട് അന്യസംസ്ഥാന തൊഴിലാളികൾ പ്രതിഷേധപ്രകടനം നടത്തിയത് വിവാദമായിരുന്നു. തുടർന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണമെന്ന് സർക്കാർ ജില്ലാ കളക്ടർമാർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു.