കോട്ടയം: രണ്ടു ദിവസത്തെ ഗൂഢാലോചനയും ആസൂത്രണവും നടത്തിയശേഷമാണ് പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയതെന്ന് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചു. ഇതിനുപിറകിൽ ചില ശക്തികൾ പ്രവർത്തിച്ചിരുന്നതായും അറിവായിട്ടുണ്ട്. അത് ആരെന്ന് കണ്ടെത്താനുള്ള തീവ്രശ്രമമാണ് ഇപ്പോൾ പൊലീസ് നടത്തുന്നത്. ഇതിനായി അൻപതോളം പേരെ പൊലീസ് നിരീക്ഷണ വലയത്തിലാക്കി. ഇവരുടെ ഓരോ ചലനവും മഫ്തി പൊലീസ് നിരീക്ഷിച്ചു വരികയാണ്. അതേ സമയം ഇവർ വീണ്ടും പ്രക്ഷോഭവുമായി രംഗത്ത് എത്താനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ശക്തമായ പൊലീസ് കാവലിൽ തന്നെയാണ് പായിപ്പാട്.
മദ്യം ലഭിക്കാത്തതും പാൻപരാഗ് കിട്ടാനില്ലാത്തതും അന്യസംസ്ഥാന തൊഴിലാളികളെ നിരാശയിലാക്കിയിട്ടുണ്ട്. പലരും പിരിമുറുക്കത്തിലാണ്. തൊഴിലാളികളിൽ 90 ശതമാനവും പാൻപരാഗിന് അടിമകളാണ്. കൂടാതെ 75 ശതമാനവും മദ്യം കഴിക്കുന്നവരാണ്. ഇവരിൽ തന്നെ പകുതിയോളം അമിതമായി മദ്യം കഴിക്കുന്നവരാണെന്ന് പൊലീസ് വ്യക്തമാക്കി. മദ്യം ലഭിക്കാതായതോടെ പലരും വിഭ്രാന്തിയിലാണ്. കൂടാതെ പണിയില്ലാതെ ക്യാമ്പുകളിൽ കഴിയുന്നത് പിരിമുറുക്കം വർദ്ധിപ്പിച്ചിട്ടുണ്ട്.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒരു പ്രമുഖ പാർട്ടിയിലെ പ്രാദേശിക നേതാവും തെരുവിലിറങ്ങാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തതായി അറിവായിട്ടുണ്ട്. ഇതു സംബന്ധിച്ച് പൊലീസ് ഇയാളെയും നിരീക്ഷണ വലയത്തിലാക്കി.
അന്യസംസ്ഥാന തൊഴിലാളികളികളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഈ നേതാവിന്റെ കോൾ പലവട്ടം വന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം അറസ്റ്റിലായ മുഹമ്മദ് റിഞ്ചുവിന്റെ വീഡിയോ സന്ദേശം പൊലീസിന് നേരത്തെതന്നെ ലഭിച്ചിരുന്നു. വിലക്ക് ലംഘിച്ച് ആളുകളെ കൂട്ടംകൂടാൻ പ്രേരിപ്പിച്ചത് ഇയാളാണെത്രേ. റിഞ്ചുവിനെയും അൻവർ അലിയെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
ഇന്നലെ എറണാകുളം റേഞ്ച് ഐ.ജി മഹേഷ് കുമാർ പായിപ്പാട്ട് എത്തി അന്വേഷണ പുരോഗതി വിലയിരുത്തി. ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാർ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി എന്നിവരും അവലോകന യോഗത്തിൽ പങ്കെടുത്തു.