കോട്ടയം: കുമളിയിലെ റിസോർട്ടിൽ ചാരായവും തോക്കും കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്കും. ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന തിരകൾ കണ്ടെത്തിയതോടെയാണ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കുന്നത്. കേരള-തമിഴ്നാട് അതിർത്തിയായ കുമളിയിലെ റിസോർട്ടിൽ തിരകൾ തമിഴ്നാട്ടിൽ നിന്ന് എത്താനുള്ള സാദ്ധ്യത കണക്കിലെടുത്താണ് അന്വേഷണം അവിടേക്ക് വ്യാപിപ്പിക്കുന്നത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിലും ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

സൈന്യം ഉപയോഗിക്കുന്ന തിര കണ്ടെത്തിയതോടെയാണ് കാര്യത്തിന്റെ ഗൗരവം കണക്കാക്കി ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചത്. ഇടുക്കി സ്പെഷ്യൽ ബ്രാഞ്ചും കുമളി പൊലീസും അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ റിസോർട്ട് മാനേജർ ഇല്ലിമൂട്ടിൽ ജിനദേവൻ (40) ഇപ്പോൾ എക്സൈസിന്റെ സെല്ലിലാണ് കഴിയുന്നത്. തോക്കും വെടിയുണ്ടകളും എക്സൈസിന്റെ കസ്റ്റഡിയിൽ തന്നെയാണ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷമേ തൊണ്ടിസാധനങ്ങൾ കൈമാറുകയുള്ളു.

റിസോർട്ടിലെ ജിനദേവന്റെ മുറിയിൽ നിന്നാണ് നാടൻ തോക്കും തിരകളും കണ്ടെടുത്തത്. തിരകളിൽ ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറി എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് ഇന്ത്യൻ പട്ടാളം ഉപയോഗിക്കുന്ന തിരകളാണ്. ഇത് എങ്ങനെ റിസോർട്ട് ഉടമയുടെ അടുക്കലെത്തി എന്നതിനെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. കഴിഞ്ഞദിവസമാണ് കുമളി ആറാം മൈൽ പ്രവർത്തിക്കുന്ന ബാംബൂനെസ്റ്റ് റിസോർട്ടിൽ നിന്നും 2,000 ലിറ്റർ വാറ്റും രണ്ടു ലിറ്റർ ചാരായവും എക്സൈസ് പിടിച്ചെടുത്തത്. റിസോർട്ടിന്റെ മറവിൽ വാറ്റും മൃഗവേട്ടയും നടന്നിരുന്നതായി അറിവായിട്ടുണ്ട്. മൃഗവേട്ടയെക്കുറിച്ച് വനം വകുപ്പ് അന്വേഷിക്കും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഒത്തുചേരൽ സ്ഥലംകൂടിയായിരുന്നു ഈ റിസോർട്ട്.