കോട്ടയം: കൊറോണ വൈറസ് വ്യാപനം തടയാൻ പൊലീസ് നിരത്തുകളിൽ നിലയുറപ്പിച്ചിട്ടും കഞ്ചാവ് മാഫിയ ഉഷാറിൽതന്നെ. 15 ഗ്രാം കഞ്ചാവ് ആവശ്യക്കാരന് നല്കാൻ കാഞ്ഞിരപ്പള്ളി ടൗണിലെത്തിയ കപ്പാട് കോഴിയാനിവെട്ടിക്കൽ ആൽബിൻ അപ്പച്ചനെയാണ് (20) എക്സൈസ് ഇൻസ്പെക്ടർ ശ്യാംകുമാർ പിടികൂടിയത്. കഞ്ചാവ് സ്ഥിരമായി വാങ്ങിയിരുന്നയാൾ ആൽബിനെ മൊബൈൽ ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്നാണ് കഞ്ചാവുമായി ഇയാൾ ടൗണിലെത്തിയത്. ഇയാളെ കാത്ത് നില്ക്കുന്നതിനിടയിലാണ് സ്ഥിരം കഞ്ചാവുകച്ചവടക്കാരനായ ആൽബിൻ നിൽക്കുന്നത് എക്സൈസിന്റെ ശ്രദ്ധയിൽ പെട്ടത്. പരിശോധിച്ചപ്പോൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 15 ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

കാഞ്ഞിരപ്പള്ളി, കപ്പാട് എന്നിവിടങ്ങളിലെ കോളനി പ്രദേശങ്ങളിലാണ് ഇയാൾ സ്ഥിരമായി കഞ്ചാവ് വില്പന നടത്തിയിരുന്നത്. പലതവണ ഇയാളെ കഞ്ചാവ് സഹിതം പിടികൂടിയിട്ടുണ്ടെന്ന് എക്സൈസ് വ്യക്തമാക്കി. സി.ഇ.ഒമാരായ റെജി, കൃഷ്ണൻ, പ്രശോഭ്, സഹീർ, ഡ്രൈവർ സജി എന്നിവരും ശ്യംകുമാറിനൊപ്പമുണ്ടായിരുന്നു.