കോട്ടയം: കൊയ്ത്ത് യന്ത്രങ്ങളില്ല, തരിശുഭൂമിയിൽ ലക്ഷങ്ങൾ എറിഞ്ഞ് കൃഷിയിറക്കിയ സഹോദരങ്ങൾ വെട്ടിലായി. വിളഞ്ഞ് പാകമായിട്ടും വിളവെടുക്കാൻ സാധിക്കാത്ത അവസ്ഥയാണ് കോട്ടയം കടുത്തുരുത്തി കൃഷിഭവന് കീഴിലുള്ള മാത്തങ്കിരി ബി ബ്ലോക്കിലെ കാരയ്ക്കൽ പാടശേഖരം.

സഹോദരങ്ങളായ തൊട്ടിപ്പറമ്പിൽ തങ്കച്ചനും അപ്പച്ചനും ചേർന്നാണ് വർഷങ്ങളായി തരിശായി കിടന്ന പാടശേഖരത്ത് വിത്തെറിഞ്ഞത്. അഞ്ച് ഏക്കറിലെ പുല്ലും മറ്റും വെട്ടിമാറ്റി ഉഴുതുമറിച്ചാണ് നിലം സജ്ജമാക്കിയത്. ഇതിനുതന്നെ ലക്ഷങ്ങൾ ചെലവിടേണ്ടിവന്നു. പിന്നെ, വളം, വിഷം അടിക്കൽ എന്നിവയ്ക്കും ലക്ഷങ്ങൾ ചെലവായി. തരിശുനിലമായതിനാൽ നെൽചെടി നല്ല ശക്തമായി തന്നെ വളർന്നു. കതിരും തരക്കേടില്ലായിരുന്നു. നല്ല വിളവ് ലഭിച്ചെങ്കിലും സഹോദരങ്ങൾക്ക് കൊയ്തെടുക്കാൻ ഭാഗ്യം ഇതുവരെ ഉണ്ടായില്ല.

120 ദിവസങ്ങൾക്കുള്ളിൽ നെല്ല് കൊയ്ത് എടുക്കേണ്ടതാണ്. എന്നാൽ ഇപ്പോൾ 145 ദിവസമായി. ഇതിനോടകം മഴയത്ത് നെല്ല് ചാഞ്ഞ് കിളിർത്തുതുടങ്ങി. ബാക്കിയെങ്കിലും കൊയ്ത് എടുക്കാമെന്ന ചിന്തയിലായിലാണ് സഹോദരങ്ങൾ. മറ്റൊരു കൃഷിക്കാരന്റെ സമ്മർദ്ദത്താൽ ഒരു യന്ത്രം പാടത്ത് എത്തിയെങ്കിലും യന്ത്രം താഴുമെന്ന് പറ‌ഞ്ഞ് അവർ സ്ഥലം വിട്ടു. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൊയ്ത്ത് യന്ത്രത്തിനായി ഇവർ ഓഫീസുകൾ കയറിയിറങ്ങിയിട്ടും പ്രയോജനം ലഭിച്ചില്ല. ഇതോടെ മൂത്തുപഴുത്ത നെൽക്കതിരുകളിൽ നിന്നും നെല്ല് പൊഴിഞ്ഞുതുടങ്ങി. കൃഷിവകുപ്പിന്റെ നിർബന്ധപ്രകാരമാണ് ഇവർ തരിശുപാടത്ത് കൃഷിയിറക്കിയത്. എന്നാൽ അവർ ഇപ്പോൾ പുറംതിരിഞ്ഞ് നിൽക്കുകയാണെന്നാണ് സഹോദരങ്ങൾ പറയുന്നത്.