കോട്ടയം: 'കൊവിഡിനെ പേടിച്ച് വീട്ടിലിരിക്കാൻ ഞാനില്ല. ജനപ്രതിനിധി എന്ന നിലയിൽ പഴയതുപോലെ എല്ലായിടത്തും പോകും". കോട്ടയം എം. എൽ. എ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു. കോൺഗ്രസ് പ്രവർത്തകരെ പ്രതിരോധ പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി കിച്ചൻ നടത്തിപ്പിനുമെല്ലാം സജ്ജരാക്കുന്നതിനൊപ്പം പ്രതിപക്ഷത്തെ അകറ്റി നിറുത്തിയുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി പത്രസമ്മേളനങ്ങൾക്കും സമയം കണ്ടെത്തുകയാണ് തിരുവഞ്ചൂർ . ആരോഗ്യ പ്രവർത്തകർക്കു പ്രഖ്യാപിച്ച 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ കൊവിഡ് വാർത്തകൾ തേടി നടക്കുന്ന മാദ്ധ്യമ പ്രവർത്തകർക്ക് കൂടി നൽകണമെന്ന് പറഞ്ഞതും തിരുവഞ്ചൂർ മാത്രമാണ്.

തിരുവഞ്ചൂരിന് കൊറോണക്കാലത്ത് വായിക്കാൻ കൂടുതൽ സമയം കിട്ടി. 'ലോകത്തിലെ തിരഞ്ഞെടുത്ത പ്രസംഗങ്ങൾ ' എന്ന പുസ്തകം വായിച്ചു. പൊതു പ്രവർത്തകർ വായിച്ചിരിക്കേണ്ട പുസ്തകമാണിതെന്ന് അദ്ദേഹം പറയുന്നു. ബന്യാമിന്റെ 'ആട് ജീവിതവും ' തീർത്തു. എ.ശ്രീധരമേനോന്റെ 'കേരള ചരിത്രം" വായിക്കുകയാണിപ്പോൾ. രാവിലെ യോഗാഭ്യാസമൊന്നുമില്ല. വിയർക്കുന്നതുവരെ നടക്കും. ഓരോ കാര്യത്തിനുമായി ജനങ്ങൾ ഇപ്പോഴും വീട്ടിൽ എത്താറുണ്ട്. അവരെ അകറ്റി നിർത്തുന്നൊന്നുമില്ല. ഒരു ജനപ്രതിനിധി ഒരിക്കലും ജനങ്ങളിൽ നിന്ന് അകലം പാലിക്കരുതെന്ന് വിശ്വസിക്കുന്നയാളാണ് താനെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് വന്നിട്ടും ആ വിശ്വാസ പ്രമാണത്തിന് മാറ്റമൊന്നും വന്നിട്ടില്ല.

പ്രശ്നം ഉണ്ടാകുമ്പോൾ രാഷ്ടീയ

വിവേചനം കാട്ടുന്നത് ശരിയല്ല

പായിപ്പാട്ട് അന്യസംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങിയ പ്രശ്നം പൊലീസ് മുൻകൂട്ടി അറിയാതെ പോയതിൽ ഇന്റലിജൻസ് വീഴ്ചയാണ് .സർക്കാർ ഫണ്ട് നൽകാതെ പായിപ്പാട് പഞ്ചായത്ത് എങ്ങനെ അയ്യായിരത്തോളം പേർക്ക് ഭക്ഷണം നൽകും?. താനിത് ഉന്നയിച്ചതോടെയാണ് ജില്ലാ ഭരണകൂടം അതിന് ശ്രമം തുടങ്ങിയത്. അന്യസംസ്ഥാന തൊഴിലാളികൾക്ക് റേഷൻ സാധനങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാൻ ഐഡന്റിറ്റി കാർഡ് ഏർപ്പെടുത്തണമെന്ന നിർദ്ദേശവും സർക്കാർ അംഗീകരിച്ചു. പായിപ്പാട് ആരും വിളിക്കാതെയാണെത്തിയത്. പ്രതിപക്ഷത്തായതിനാലാകാം സ്ഥലം എം.പിയെയും എം.എൽ.എയും ക്ഷണിച്ചില്ല. വലിയ വിവാദ പ്രശ്നം ഉണ്ടാകുമ്പോൾ രാഷ്ടീയ വിവേചനം കാട്ടുന്നത് ശരിയല്ല. എല്ലാവരുടെയും കൂട്ടായ അഭിപ്രായം തേടണം. ഗൂഢാലോചന നടന്നുവെന്ന് കാടടച്ചു വെടിവെച്ചതിനപ്പുറം ആരാണ് ഉത്തരവാദിയെന്ന് ഇനിയും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. പായിപ്പാട്ട് യഥാർത്ഥ പ്രശ്നം എന്തെന്ന് ബന്ധപ്പെട്ടവർക്ക് ഇപ്പോഴും മനസിലായില്ലെന്ന് തോന്നുന്നു.