santhosh-george-kulangara

കോട്ടയം: കോളേജ് പഠനത്തിനു ശേഷം ഇതാദ്യമാണ് സന്തോഷ് ജോർജ് കുളങ്ങര വീട്ടിൽ മാത്രമായി കഴിയുന്നത്. ഒന്നുകിൽ ലോകത്തിന്റെ ഏതെങ്കിലും കോണിലേക്കുള്ള സഞ്ചാരം. അല്ലെങ്കിൽ എഡിറ്റിംഗും മറ്റുമായി ചാനൽ സ്റ്റുഡിയോയിൽ. ഇപ്പോൾ മരങ്ങാട്ടുപിള്ളിയിലെ വീടിന്റെ മുറിളുമായും വീട്ടുപകരണങ്ങളുമായുള്ള പുതിയ പരിചയപ്പെടലുകൾ!

''ആദ്യത്തെ ബുദ്ധിമുട്ടേ ഉണ്ടായിരുന്നുള്ളൂ. ലോകം മുഴുവൻ ഇങ്ങനെയാകുമ്പോൾപ്പിന്നെ അതിനോടുള്ള താദാത്മ്യം പ്രാപിക്കലാണ്. ട്രെയിൻ പിടിക്കാനുള്ള ആധിയിൽ റെയിൽവേ സ്റ്റേഷനിലേക്കു പോകുമ്പോൾ അവിടെ ട്രെയിൻ കേടായിക്കിടക്കുന്നതു കാണുമ്പോഴുള്ള ആശ്വാസമുണ്ടല്ലോ അതാണിപ്പോൾ.'' കുളങ്ങര വീട്ടിലിരുന്ന് സന്തോഷ് പറയുന്നു.

കൊവിഡ് 19 പടരുമ്പോൾ സന്തോഷ് മെക്‌സിക്കോയിലായിരുന്നു. മാർച്ച് അഞ്ചിന് ലാറ്റിൻ അമേരിക്കൻ സഞ്ചാരം തുടങ്ങി. 11നാണ് മടങ്ങിയത്. '' ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലുമൊന്നും യൂറോപ്പിലും ചൈനയിലുമൊക്കെയുള്ള പോലൊരു ഭീതി ആർക്കുമില്ലായിരുന്നു. അന്ന് അവിടങ്ങളിൽ ഒരാൾക്കു പോലും രോഗമില്ലായിരുന്നു. എന്നാൽ ഈ രാജ്യങ്ങളിലൊക്കെ ഒരുപാട് വിദേശ ടൂറിസ്റ്റുകൾ ഉണ്ടായിരുന്നുവെന്നത് എന്നെ അദ്ഭുതപ്പെടുത്തി. ഒരുപക്ഷേ, ചൂട് കൂടിയതുകൊണ്ടു കൂടിയാകാം.

അബുദാബിയിലും കൊച്ചിയിലുമൊക്കെ ഏറെ ജാഗ്രതയോടെയുള്ള ജനങ്ങളെയാണ് കണ്ടത്. ഒരു ഭാഗത്ത് മാസ്ക് ധരിച്ച് കൃത്യമായ അകലം പാലിച്ച് യാത്ര ചെയ്യുന്ന മലയാളി. മറുഭാഗത്ത് ലോക്ക് ഡൗൺ കാലത്തും കൂട്ടത്തോടെ തെരുവിലിറങ്ങുന്ന മലയാളി. അതുകൊണ്ട് ഇത്രയും ലോകം കണ്ട ആളെന്ന നിലയിൽ എനിക്കു തോന്നുന്നു,​ മലയാളിയെ ഒരുതരത്തിലും ഉപദേശിക്കേണ്ടതില്ല. അവൻ അതുക്കും മേലെയാണ്!"

വിദേശീയരുടെ അമിത വൃത്തി അവർക്ക് വിനയായിട്ടുണ്ടാകാമെന്ന സംശയവുമുണ്ട്. ''ഇന്ത്യയിൽ ആദ്യം കൊവിഡ് 19 റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. പക്ഷേ, മരണനിരക്ക് വളരെ കുറവ്. നമ്മൾ മണ്ണിലിറങ്ങി നടന്നും വെയിലും വിയർപ്പും അറിഞ്ഞും മഴയത്ത് ഓടിനടന്നും കപ്പയും കാന്താരിയും കഴിച്ചും നേടിയെടുത്ത പ്രതിരോധശേഷിയെ നിസ്സാരമായി കാണരുത്. മെക്‌സിക്കോയുടെ ഇഷ്ടവിഭവം 'ടാക്കോ' ചപ്പാത്തിപോലെ മടക്കുകളാക്കി വിവിധ തരം ഇറച്ചികൊണ്ട് ഉണ്ടാക്കുന്നതാണ്. ഇതിൽ നിറയെ കാന്താരിമുളക് ചമ്മന്തിയുണ്ടാവും. എന്നാൽ അമേരിക്കക്കാരന് എരിവിനെപ്പറ്റി ചിന്തിക്കാൻ പോലുമാവില്ല.'' അദ്ദേഹം പറയുന്നു. കൊവിഡ് 19 നമ്മുടെ ടൂറിസത്തെയാണ് തകർത്തത്. ലോകം ശാന്തമായാൽ ഇറ്റലിക്കു പോകും. അവർ വൈറസിനെ അതിജീവിക്കുന്നതെങ്ങനെയന്ന് അറിയാൻ താത്പര്യമുണ്ട്.'' അദ്ദേഹം ആഗ്രഹവും പങ്കുവച്ചു.

ദീർഘവീക്ഷണമുള്ള അമേരിക്കക്കാർ കൊവിഡിനെ നിസ്സാരമായി കണ്ടുവെന്ന് എനിക്കു തോന്നുന്നില്ല. അവരുടേത് സാഹസിക ബുദ്ധിയാണ്. ഇന്ത്യ പോലെ അവർക്ക് എങ്ങനെ ഇത്രയും നാൾ അടച്ചുപൂട്ടിയിരിക്കാനാവും?​ ഗൂഗിളും,​ ഫെയ്സ്ബുക്കും സാമ്പത്തികവും സൈനികവും ശാസ്ത്ര സാങ്കേതികവിദ്യയുമൊക്കെ വിരൽത്തുമ്പിൽ കൊണ്ടുനടക്കുന്ന അമേരിക്കയിൽ ഒരു ദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചാൽ എന്താകും സ്ഥിതി?​

പിറ്റേന്ന് ചൈന ഇതിന്റെയൊക്കെ ഡ്യൂപ്ളിക്കേറ്റ് ഇറക്കി ലോകം കൈയിലാക്കും. മരണത്തെ അമേരിക്കയ്‌ക്ക് ഭയമില്ല. ലോകം കീഴടക്കാൻ ജീവൻ പണയംവച്ചവരാണ്. ഒന്നും രണ്ടും മഹായുദ്ധങ്ങളിൽ പങ്കാളികളായവർ. മറ്റു രാജ്യങ്ങളിൽ ഇപ്പോഴും സൈന്യത്തെ ഇറക്കി ജീവൻ കൊടുക്കുന്നവർ. പക്ഷേ,​ രോഗം തടയാൻ ഇന്ത്യയ്ക്ക് ലോക്ക് ഡൗണേ മാർഗമുള്ളൂ. ഒരു കാര്യം ഉറപ്പാണ്. ഇതിനെക്കാൾ വലിയ മഹാമാരിയെ അതിജീവിച്ചവരാണ് നമ്മൾ. ഒറ്റ മറവിയിൽപ്പെടാനുള്ളതേയുള്ളൂ കൊവിഡും!