കോട്ടയം: കോവിഡ് 19 രോഗ വ്യാപനം തടയുന്ന പ്രവർത്തനങ്ങളിൽ അവധിയും വിശ്രമവുമില്ലാതെ വനിതകൾ ഉൾപ്പെടെയുള്ള പൊലീസുകാർ. രാവിലെ ഏഴിനു ജോലിക്കെത്തുന്നവർ വീട്ടിൽ തിരിച്ചെത്തുന്നത് രാത്രി വൈകിയാണ്. ഇതിൽ ഏറെ പ്രയാസപ്പെടുന്നത് വനിതകളാണ്.
നൂറ്റമ്പതിന് മുകളിൽ വനിതാ പൊലീസുകാരുണ്ട്. ഇതിൽ ഭൂരിഭാഗവും എരുമേലി, കാഞ്ഞിരപ്പള്ളി,പാലാ, വൈക്കം, കുമരകം മേഖലകളിൽ നിന്നുള്ളവരാണ്. പൊതുവാഹന സൗകര്യങ്ങളില്ലാത്തതിനാൽ ജോലിക്കുള്ള പോക്കും വരവും എ.ആർ ക്യാമ്പിൽ നിന്നുള്ള വാഹനത്തെ ആശ്രയിച്ചാണ്. എല്ലാവരേയും ഒരു പൊതുയിടത്ത് എത്തിക്കും. അവിടെ നിന്നു നടന്നോ മറ്റു വാഹനങ്ങളിലോ ആണ് വീടുകളിലെത്തുന്നത്. പിറ്റേന്ന് രാവിലെ 7നു മുൻപ് നിശ്ചയിച്ച സ്ഥലത്ത് ഡ്യൂട്ടിക്കെത്തണമെങ്കിൽ അതിരാവിലെ വീട്ടിൽ നിന്നിറങ്ങണം.
രാത്രി വൈകി വീട്ടിലെത്തി ജോലി കഴിഞ്ഞാൽ നാലു മണിക്കൂർ മാത്രമാണ് ഉറങ്ങാനാകുന്നതെന്ന് വനിത പൊലീസുകാർ പറയുന്നത്. എന്നാൽ പ്രയാസങ്ങൾ ഏറെയുണ്ടെങ്കിലും മഹാരോഗത്തിന്റെ വ്യാപനം തടയുന്നതിനായി എല്ലാ മറന്ന് രംഗത്തിറങ്ങുമെന്ന ഇവരുടെ വാക്കുകൾ ഏവർക്കും ആത്മവിശ്വാസം പകരുകയാണ്. എ.ആർ ക്യാമ്പിലെ വാഹനം ലഭിക്കാത്തവർ സ്വകാര്യ വാഹനത്തിൽ ഒരുമിച്ചാണ് ഡ്യൂട്ടിക്കെത്തുന്നത്. വൻതുകയാണ് യാത്രയിനത്തിൽ ചെലവാകുന്നത്.
ലോക് ഡൗൺ തീരുന്നതുവരെ അവധി പോലും എടുക്കാതെ ഡ്യൂട്ടി ചെയ്യണമെന്നാണ് നിലവിലുള്ള നിർദേശം. വാഹന പരിശോധനക്കിടെ ഒട്ടേറെ പേരെ അകലം പാലിച്ച് പരിശോധിക്കുന്നുവെങ്കിലും ചെറിയൊരു ആശങ്കയുണ്ടെന്ന് പൊലീസുകാർ പറയുന്നു. വെള്ളവും ഭക്ഷണവും സന്നദ്ധ സംഘടനകൾ വഴി ലഭിക്കുന്നത് ഇവർക്ക് വലിയൊരാശ്വാസമാണ്.