പാലാ : കൊവിഡ് -19 മൂലം പ്രതിസന്ധിയിലായ റബർ കർഷകർക്ക് വിലസ്ഥിരതാഫണ്ട് കുടിശിക സഹിതം നൽക്കാൻ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയനെ മാണി സി.കാപ്പൻ എം.എൽ.എ അഭിനന്ദിച്ചു. കർഷകരോടുള്ള സർക്കാരിന്റെ കരുതലാണ് ഈ നടപടി. സമ്പൂർണ ലോക്ക്ഡൗണായതോടെ റബർ കർഷകർ ദുരിതത്തിലാണ്. ഉത്പാദിപ്പിക്കുന്ന റബർ ഉത്പന്നങ്ങൾ വിറ്റൊഴിക്കാൻ പോലും നിർവ്വഹമില്ലാത്ത അവസ്ഥയാണ് കർഷകർക്കുള്ളത്. ഈ ദുരിത സാഹചര്യത്തിലാണ് സർക്കാരിന്റെ ഇടപെടലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിനു തന്നെ മാതൃകമാണ് കേരള സർക്കാരിന്റെ കൊവിഡ് 19 പ്രതിരോധ നടപടികൾ. കൊവിഡ് 19 രോഗികൾ ഇല്ലാത്ത പാലായിൽ പോലും ഇരുനൂറോളം ബെഡോട് കൂടിയ ഐസൊലേഷൻ വാർഡ് പാലാ ജനറൽ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആളുകൾ ബുദ്ധിമുട്ടുകൾ മറന്ന് സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.