പാലാ : സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ റേഷൻ വാങ്ങാനെത്തുന്നവർക്ക് സൗജന്യ യാത്രയൊരുക്കി കാത്തിരിക്കുകയാണ് കുരുവിക്കൂട്ടെ ഓട്ടോറിക്ഷ ഡ്രൈവറായ ശശി. എലിക്കുളം നിരപ്പേൽ ശശിധരൻ എന്ന നാട്ടുകാരുടെ ശശിച്ചേട്ടൻ ഏഴാംമൈൽ 123-ാം നമ്പർ റേഷൻ കടയുടെ മുൻപിൽ ഇന്നലെ മുതൽ തന്റെ വാഹനവുമായി കാത്തുകിടപ്പുണ്ട്. കടയിൽ നിന്ന് അരി വാങ്ങി പോകുന്ന പ്രായമായവരേയും, സ്ത്രീകളേയും, മറ്റ് ദുരിതബാധിരേയുമെല്ലാം സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിക്കും. ഏപ്രിൽ 1 മുതൽ ശശിയുടെ സേവനം സ്ഥിരമായി ഇവിടെയുണ്ടാവും. മുൻപും നാട്ടിലെ എല്ലാ പൊതു കാര്യങ്ങൾക്കും മുൻപിൽ ശശിയുണ്ട് നിസ്വാർത്ഥ സേവകനായി. 67 കാരനായ ശശിധരൻ ടാക്‌സി ജീപ്പ് ഓടിച്ചാണ് ജീവിത യാത്ര ആരംഭിച്ചത്. 1986 ലെ കൊടുംവേനലിൽ ജീപ്പിൽ ആവശ്യക്കാർക്ക് സൗജന്യമായി കുടിവെള്ളമെത്തിച്ച് കൊടുത്ത് സേവന പ്രവർത്തനം ആരംഭിച്ചു. തുടർന്ന് കുറെക്കാലം ഹാന്റക്‌സിൽ താല്ക്കാലിക ഡ്രൈവറായി ജോലി നോക്കി. ഇപ്പോൾ കുരുവിക്കൂട് താമസിക്കുന്നു. ഭാര്യ സുമയും രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമടങ്ങുന്നതാണ് ശശിയുടെ കുടുംബം.സൗജന്യ റേഷന് സൗജന്യ യാത്ര എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ്
കമ്മറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാട് ഉദ്ഘാടനം ചെയ്തു.