അടിമാലി: കൊവിഡ് 19സ്ഥിരീകരിച്ച ബൈസൺവാലി സ്വദേശിനി അടിമാലിയിൽ എത്തിയിരുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അടിമാലി മേഖലയിൽ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്.ബൈസൺവാലി സ്വദേശിനി മാർച്ച് 18ന് അടിമാലി എഇഒ ഓഫീസിൽ എത്തിയിരുന്നതായാണ് ആരോഗ്യ വിഭാഗം നൽകുന്ന സൂചന.തുടർന്നിവർ ടൗണിലെ രണ്ട് വ്യാപാര സ്ഥാപനത്തിലും സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഒരു ഇൻഷുറൻസ് ഓഫീസിലും പോയിരുന്നു.ആരോഗ്യ വകുപ്പുദ്യോഗസ്ഥരുടെ നിർദ്ദേശത്തെ തുടർന്ന് വ്യാപാര സ്ഥാപനങ്ങൾ കഴുകി അണുവിമുക്തമാക്കി.രോഗം സ്ഥിരീകരിച്ച സ്ത്രീയുമായി അടിമാലി മേഖലയിൽ മാത്രം 13 പേർ നേരിട്ടുള്ള സമ്പർക്കത്തിൽ വന്നിട്ടുണ്ട്.ഇവരുൾപ്പെടെ 120 ഓളം ആളുകൾ വീടുകളിലും മറ്റുമായി നിരീക്ഷണത്തിലുണ്ടെന്ന് ദേവിയാർ കോളനി പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ഇ ബി ദിനേശൻ പറഞ്ഞു.അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന വിവിധ ഏകാദ്ധ്യാപക സ്‌കൂളുകളിലെ ഏഴ് അദ്ധ്യാപകരും എഇഒ ഓഫീസുമായി ബന്ധപ്പെട്ട ഒരാളും വ്യാപാര സ്ഥാപനങ്ങളിൽ നിന്നായുള്ള അഞ്ച് ജീവനക്കാരുമാണ് നേരിട്ടുള്ള സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.ഇതിൽ ഒരു കുടുംബത്തെ മച്ചിപ്ലാവിൽ സജ്ജീകരിച്ചിട്ടുള്ള ഐസൊലേഷൻ വാർഡിൽ താമസിപ്പിച്ചാണ് നിരീക്ഷണം നടത്തുന്നത്.ഇവരിൽ നിന്നും സ്രവം ശേഖരിച്ച് പരിശോധനക്കയച്ചതായും ആരോഗ്യവിഭാഗം വ്യക്തമാക്കി.അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയിൽ മറ്റാരെങ്കിലും കൊവിഡ് സ്ഥിരീകരിച്ച സ്ത്രീയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടോയെന്ന കാര്യം സംബന്ധിച്ച് ആരോഗ്യ വകുപ്പ് പരിശോധിച്ചു വരികയാണ്.