പാലാ : ദുർഘട മേഖലകളിലും ഇടുങ്ങിയ പ്രദേശങ്ങളിലും കടന്നെത്തി തീപിടിത്തം നിയന്ത്രിക്കാൻ ഉതകുന്ന വാട്ടർ മിസ്റ്റ് ബുള്ളറ്റ് പാലാ ഫയർഫോഴ്‌സിനും. സംസ്ഥാനത്ത് അനുവദിച്ച 50 വാഹനങ്ങളിൽ നാലെണ്ണമാണ് കോട്ടയം ജില്ലയ്ക്ക് ലഭിച്ചത്. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം ഫയർ യൂണിറ്റുകൾക്കും ഓരോ ബുള്ളറ്റുകൾ ലഭിച്ചു. ഫയർഫോഴ്‌സിന്റെ വലിയ വാഹനം കടന്നെത്താത്ത ഇടങ്ങളിലും ചെന്നത്താമെന്നാണ് പ്രധാന നേട്ടം. ബുള്ളറ്റിന്റെ ഇരുവശങ്ങളിലായി ടാങ്കുകളിൽ വെള്ളവും ഫോം കോംപൗണ്ടും കംപ്രസ്ഡ് എയറും ആണുള്ളത്. ആവശ്യസമയത്ത് വായു പുറന്തള്ളുമ്പോൾ ഫോമും വെള്ളവും ചെറുകണികകളായാണ് പുറത്തേയ്ക്ക് തെറിക്കുക.
500 സിസി ബുള്ളറ്റാണ് അഗ്‌നിശമനവാഹനമായി പുനരവതരിച്ചിരിക്കുന്നത്. ഏറെ പരീക്ഷണങ്ങൾക്ക് ശേഷമാണ് ഇവ സേനയ്ക്ക് കൈമാറിയത്. സൈറൺ, അനൗൺസ്‌മെന്റ് ഉപകരണം, എമർജൻസി ലൈറ്റ്, ഫസ്റ്റ്എയ്ഡ് കിറ്റ് എന്നിവയും വാഹനത്തിലുണ്ട്. ഇലക്ട്രിസിറ്റി, ഗ്യാസ്, ഓയിൽ എന്നിവ മൂലമുണ്ടാകുന്ന തീപിടിത്തങ്ങളെ വരുതിയിലാക്കാൻ പുതിയ വാഹനത്തിലെ ഉപകരണങ്ങൾക്ക് കഴിയും. വെള്ളം കണികകളായി തെറിക്കുന്നതിനാൽ ഷോർട്ട് സർക്യൂട്ടഡ് മൂലമുള്ള തീപിടിത്തങ്ങളെയും കൂടുതൽ അപകടമില്ലാതെ ചെറുക്കാനാവും. നിലവിലെ സാഹചര്യത്തിൽ വാട്ടർ മിസ്റ്റ് ബുള്ളറ്റ് പാലായിലെ വിവിധ പ്രദേശങ്ങളെ അണുവിമുക്തമാക്കുന്നതിനാണുപയോഗിക്കുന്നത്.