ചങ്ങനാശേരി: പായിപ്പാട് അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ആവശ്യാനുസരണം ഭക്ഷ്യവസ്തുക്കൾ എത്തിച്ചു തുടങ്ങി. തൊഴിലാളികൾ ആവശ്യപ്പെട്ടതനുസരിച്ച് അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ എന്നിവയാണ് വിതരണം ചെയ്തത്.

ലോക്ക് ഡൗൺ ലംഘിച്ച് ഞായറാഴ്ച്ച 4000 ത്തിലധികം അന്യസംസ്ഥാന തൊഴിലാളികൾ പായിപ്പാട് കവലയിൽ ഒത്തുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് തൊഴിലാളികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് പൊലീസ് ഉദ്യോഗസ്ഥരെയും തൊഴിലാളികൾ താമസിക്കുന്ന കോട്ടേജ് ഉടമകളെയും ചുമതലപ്പെടുത്തിയിരുന്നു. ഇതു പ്രകാരമാണ് ഭക്ഷ്യവസ്തുക്കൾ എത്തിച്ചത്.

അന്യസംസ്ഥാന തൊഴിലാളികളെ ഏകോപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ വകുപ്പ് പ്രതിനിധികൾ, ബ്ലോക്ക് മെമ്പർമാർ, പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് കോ ഒാർഡിനേറ്റർ എന്നിങ്ങനെ 100 പേരെ ഉൾപ്പെടുത്തി ഒരു ദിവസം കൊണ്ട് സർവ്വേ പൂർത്തിയാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ 110 ക്യാമ്പുകളിൽ 4035 തൊഴിലാളികളാണ് നിലവിലുള്ളതെന്ന് വ്യക്തമായി. വെള്ളത്തിന്റെ കുറവ് മൂലം ചില ക്യാമ്പുകളിൽ തൊഴിലാളികളുടെ എണ്ണം കൂടുതലായിരുന്നു. വെള്ളം ലഭിക്കുന്ന ക്യാമ്പുകളിലേക്ക് തൊഴിലാളികൾ തനിയെ മാറിയിരുന്നു. ഇതു പരിഹരിക്കാൻ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് സൗജന്യമായി വെള്ളം എത്തിച്ചു. നാല് ദിവസത്തേയ്ക്കുള്ള ഭക്ഷ്യവസ്തുക്കൾ വീതമാണ് നല്കുന്നത്. ഒരേ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഒന്നിച്ചും അല്ലാത്തവർ വ്യത്യസ്തമായുമാണ് ഭക്ഷണം പാകം ചെയ്യുന്നത്. ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി കോട്ടേജ് ഉടമകൾ, ഒന്നോ രണ്ടോ പ്രതിനിധികൾ എന്നിവർക്കാണ് ഭക്ഷ്യവസ്തുക്കൾ കൈമാറുന്നത്. ഇവർ അതത് ക്യാമ്പുകളിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കും. ഭക്ഷ്യവസ്തുക്കളും അളവും രേഖപ്പെടുത്തിയാണ് നല്കുന്നത്. ജില്ലാ കളക്ടർ, തഹസിൽദാർ, അസി. കളക്ടർ, ജില്ലാ ലേബർ ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. തഹസിൽദാരുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിനായി ഗോഡൗൺ എടുത്തിട്ടുണ്ട്.

ബോധവത്കരണവുമായി

ഹോംഗാർഡുകൾ

14 വരെ ഭക്ഷ്യവസ്തുക്കൾ നല്കുന്നത് തുടരും. നാട്ടിലേക്ക് മടങ്ങണമെന്ന തൊഴിലാളികളുടെ ആവശ്യം വീണ്ടും ഉയരുന്നതിനാൽ ക്യാമ്പുകളിൽ ഹോംഗാർഡുകൾ മുഖേന ബോധവത്ക്കരണവും നടത്തുന്നുണ്ട്. തൊഴിലാളികളുടെ മറ്റൊരു ആവശ്യം മൊബൈൽ റീചാർജ് ചെയ്യുന്നതിനുള്ള സംവിധാനമില്ല എന്നതാണ് ഇത് പരിഹരിക്കുന്നതിനായി കെട്ടിട ഉടമസ്ഥരെ ചുമതലപ്പെടുത്തി. 24 മണിക്കൂർ പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

പായിപ്പാട്ട്

110

ക്യാമ്പുകൾ,

4035

തൊഴിലാളികൾ