കോട്ടയം : കള്ള് ചെത്ത് തൊഴിലാളികൾക്ക് അടിയന്തിരസഹായം നൽകണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി.ബിനു ആവശ്യപ്പെട്ടു. കൊവിഡ് 19 വ്യാപനത്തെ തുടർന്ന് സർക്കാർ തീരുമാനപ്രകാരം തൊഴിലാളികൾ കള്ള് ചെത്ത് നിറുത്തിയിക്കുകയാണ്. കള്ള് ചെത്ത് മേഖലയുടെ ചരിത്രത്തിലാദ്യമായാണ് തൊഴിൽനിറുത്തിവച്ച സഹചര്യം. അടിയന്തിരമായി ചെത്ത് നിറുത്തിയതിനാൽ തെങ്ങിന് നാശം സംഭവിക്കുകയും അതുവഴി തൊഴിലാളികൾക്ക് വലിയസാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തു. ഇനി തൊഴിൽ തുടർന്ന് ചെയ്യണമെങ്കിൽ വരുന്ന അഞ്ചു മാസമെങ്കിലും കാത്തിരിക്കേണ്ടിവരും. സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ സമ്പത്ത് സ്വന്തമായുള്ള കള്ള് ചെത്ത് ക്ഷേമനിധിബോർഡ് ഇതുവരെ യാതൊരു സഹായവും പ്രഖ്യാപിച്ചിട്ടില്ലെന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.