പൊൻകുന്നം : 'തെല്ലകലത്തിന്റെ ലക്ഷ്മണ രേഖയാൽ നമ്മളകറ്റുമീ ആപത്തിനെ, 'നമ്മളൊന്നിച്ച് നടന്ന് കടന്നുപോ ഈ വിപത്തിന്റെ കടമ്പയെല്ലാം'... കൊവിഡ് 19 കാലത്തെ സാമൂഹിക അകലം ആധാരമാക്കിയ ഗാനം നവമാദ്ധ്യമങ്ങളിൽ ഹിറ്റാകുകയാണ്. കവിയും ഗാനരചയിതാവുമായ ചിറക്കടവ് വള്ളിയിൽ വിനയ ബോസാണ് 'അതിജീവനം" എന്ന ഗാനം രചിച്ചത്. തിരുവനന്തപുരം പട്ടം സ്വദേശി ജി.എസ്.അഥീനയാണ് ഗാനാലാപനം. എം.ജി.ശ്രീകുമാർ ആലപിച്ച രവിചന്ദ്രിക എന്ന ആൽബത്തിലെ ഗാനങ്ങൾ രചിച്ചത് വിനയ ബോസാണ്. ആകാശവാണിയിലും ദൂരദർശൻ ഉൾപ്പടെയുള്ള ദ്യശ്യ മാദ്ധ്യമങ്ങളിലിലും ഗാനം ആലപിച്ചിട്ടുണ്ട്. അമച്വർ നാടകങ്ങൾക്ക് ഗാന രചനയും നിർവഹിച്ചിട്ടുണ്ട്. സംസ്ഥാന സാക്ഷരതാ മിഷന്റെ കണികാ അവാർഡ് ജേതാവാണ്. ഇന്നലെ രാവിലെയാണ് ഗാനം നവമാദ്ധ്യമങ്ങൾ വഴി പുറത്ത് വിട്ടത്. ലോക്ക് ഡൗൺ ദിവസങ്ങളിൽ വീട്ടിലിരുന്ന് രചിച്ച ഗാനം അഥീനയ്ക്ക് അയച്ച് നൽകി. ഗായിക വീട്ടിലിരുന്ന് പാടി പൂർത്തീകരിച്ചതാണ് ഗാനം.