arrest

കോട്ടയം: കൊവിഡിനെ നിയന്ത്രിക്കാൻ മുൻകരുതലായി ബിവറേജസ് കോർപ്പറേഷൻ ഡിപ്പോകൾ അടച്ചുപൂട്ടിയതോടെ മദ്യം കിട്ടാതായി. ഇതോടെ വീടുകളിൽ വ്യാജവാറ്റ് സജീവമായി. പ്രഷർകുക്കറിൽ ചാരായം വാറ്റിയ രണ്ടു പേർ അകത്തായി. കോട്ടയം വേളൂരിലാണ് സംഭവം. വേളൂർ വാരുകാലത്തറ സാബു (55), കാരിയിൽ സലിൻ (62) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.

മൂന്നു ലിറ്റർ കോടയും 300 മില്ലിലിറ്റർ ചാരായവും പിടിച്ചെടുത്തു. എക്സൈസ് എത്തുമ്പോൾ ഇവർ ചാരായം വാറ്റിക്കൊണ്ടിരിക്കയായിരുന്നു. രാത്രിയിലായിരുന്നു ചാരായം വാറ്റിയത്. കഴിഞ്ഞദിവസങ്ങളിൽ സാബുവിന്റെ വീട്ടിൽ പതിവില്ലാതെ ആളുകൾ വരുന്നത് അയൽവാസികൾ ശ്രദ്ധിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ ചീട്ടുകളിയും ഇവിടെ അരങ്ങേറിയിരുന്നു. സാബു ഒറ്റയ്ക്കാണ് ഇവിടെ താമസിച്ചിരുന്നത്.

ഇന്നലെ രാത്രി വാറ്റാൻ തുടങ്ങിയതോടെ ചാരായത്തിന്റെ രൂക്ഷഗന്ധം അവിടെയാകെ പരന്നു. ഇതോടെ അയൽവാസികളിൽ ആരോ വീട്ടിലെത്തി രഹസ്യ നിരീക്ഷണം നടത്തി. ഇതോടെയാണ് ഇവിടെ ചാരായം വാറ്റുന്നുണ്ടെന്ന് മനസിലായത്. ഉടൻ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. എക്സൈസ് ഇന്റലിജൻസ് ആൻ‌‌ഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇൻസ്പെക്ടർ എൻ.വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സാബുവിനെയും സലിനെയും കസ്റ്റഡിയിലെടുത്തു. കോട മറിച്ചുകളഞ്ഞശേഷം ചാരായവും പിടിച്ചെടുത്തു. കഴിഞ്ഞ നാലു ദിവസമായി ചാരായം പ്രഷർകുക്കറിൽ വാറ്റിയിരുന്നതായി സാബു എക്സൈസിനോട് സമ്മതിച്ചു.

കടകൾ അടഞ്ഞുകിടന്നതിനാൽ ഇതിനാവശ്യമായ ശർക്കര ഒരു വ്യാപാരിയുടെ വീട്ടിൽ നിന്നാണ് വാങ്ങിയതെന്ന് പ്രതി സലിൻ എക്സൈസിനോട് പറ‌ഞ്ഞു. ഈ വ്യാപാരിക്കെതിരെയും കേസ് എടുത്തേക്കുമെന്ന് അറിയുന്നു. മദ്യം കിട്ടാതായതോടെ കുമരകം, അയ്മനം, വേളൂർ, കുമ്മനം ഭാഗങ്ങളിൽ പ്രഷർകുക്കറിൽ ചാരായം വാറ്റുന്നത് ഏറിയിട്ടുണ്ടെന്ന് എക്സൈസിന് അറിവ് ലഭിച്ചിട്ടുണ്ട്. പത്തു ലിറ്ററിന്റെ പ്രഷർ കുക്കറാണ് ഇതിനായി ഉപയോഗിക്കുന്നത്. വാറ്റാനുള്ള ട്യൂബും മറ്റ് അനുബന്ധ സാധനങ്ങളും ഇവർ ഓൺലൈനിലാണ് വാങ്ങിയതെന്നും അറിവായിട്ടുണ്ട്. ഈ പ്രദേശങ്ങൾ എക്സൈസ് നിരീക്ഷണ വലയത്തിലാക്കി. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.