payippattu-

കോട്ടയം: 12,000 അന്യസംസ്ഥാനക്കാർ പാർത്തിരുന്ന പായിപ്പാട് ക്യാമ്പിൽ ഇപ്പോഴുള്ളത് 4,500 തൊഴിലാളികൾ. കൊവിഡ് ഭീതിയിൽ ഇതിനിടയിൽ സ്വദേശത്തേക്ക് കടന്നത് 7,500 തൊഴിലാളികൾ. ട്രെയിൻ നിർത്തലാക്കുംമുമ്പേതന്നെ ഇവർ പശ്ചിമബംഗാളിൽ എത്തിയിരുന്നു. പൊലീസും റവന്യു വകുപ്പും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ഐഡന്റിറ്റി കാർഡ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി ജോലി ചെയ്യുവാനുള്ള പാസ് വാങ്ങണമെന്നാണ് നിലവിലുള്ള നിയമം. എന്നാൽ ഇത് പാലിക്കപ്പെടുന്നില്ല. ഒട്ടുമിക്കവരും ജോലി ചെയ്യുന്നത് പാസില്ലാതെയാണ്. തന്നെയുമല്ല, എത്ര അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്ന് ഒരു പൊലീസ് സ്റ്റേഷനിലും ശരിയായ രേഖകളുമില്ല. പൊലീസ് പലപ്രാവശ്യം ഇതിനായി ശ്രമിച്ചെങ്കിലും തൊഴിലാളികൾ ഒരോ ആഴ്ചയിലും സ്ഥലം മാറി ജോലിചെയ്യുന്നതിനാൽ ഇവരുടെ കണക്ക് രേഖപ്പെടുത്താൻ പൊലീസിന് കഴിഞ്ഞിട്ടുമില്ല.

ജോലിക്ക് കൊണ്ടുവരുന്ന ഏജന്റുമാർക്കും ഇവരുടെ മേൽ അധികാരമില്ല. ഇവർക്കും ഇവരുടെ ശരിയായ വിലാസമോ വിവരങ്ങളോ ഇല്ല. കോൺട്രാക്ടർമാക്കും ഇവരെക്കുറിച്ച് ഒരു വ്യക്തതയുമില്ല. എന്തെങ്കിലും ഇഷ്ടക്കേട് തോന്നിയാൽ കോൺട്രാക്ടർ അറിയാതെ ഇവർ മറ്റൊരു കോൺട്രാക്ടറുടെ കീഴിലേക്ക് പോവുകയാണ് പതിവ്.

ചുരുക്കത്തിൽ അന്യസംസ്ഥാനക്കാരുടെ ലിസ്റ്റോ വിശദവിവരങ്ങളോ പൊലീസിന്റെ പക്കലോ കോൺട്രാക്ടർമാരുടെ പക്കലോ ഇല്ല. ഇപ്പോൾ പൊലീസ് അന്യസംസ്ഥാനക്കാരുടെ ക്യാമ്പുകളിൽ എത്തി ശരിയായ വിലാസവും മറ്റും രേഖപ്പെടുത്തുന്നുണ്ട്. അപ്പോഴാണ് അറിയുന്നത് 12,000 മേൽ അന്യസംസ്ഥാനക്കാർ പായിപ്പാട്ട് മാത്രം ഉണ്ടെന്നുള്ളത്. പശ്ചിമബംഗാൾ സ്വദേശികളുടെ വിലാസത്തിൽ ബംഗ്ലാദേശുകാരും വ്യാജ ഐ.ഡി കാർഡിൽ കേരളത്തിലെത്തിട്ടുണ്ടെന്നും അവർ ഇവിടെ ജോലി ചെയ്യുന്നതായും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇത്തരക്കാരായ ചിലരെ പിടികൂടി നടപടികളും സ്വീകരിച്ചിരുന്നു. ഇവരിൽ തീവ്രവാദ പ്രവർത്തകർ ഉണ്ടെന്നാണ് അന്നത്തെ അന്വേഷണ റിപ്പോർട്ട്.

പശ്ചിമ ബംഗാളിലുള്ളവരുടെ ബന്ധുക്കൾ ബംഗ്ലാദേശിലുണ്ട്. അവിടെനിന്നും ബംഗാളിൽ എത്തി കുറച്ചുദിവസം താമസിച്ചശേഷം ബംഗാൾ സ്വദേശിയാണെന്ന് കൃത്രിമമായി ഐ.ഡി കാർഡ് കരസ്ഥമാക്കിയശേഷമാണ് ജോലി തേടിയും മറ്റും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തുന്നത്. ഇത്തരത്തിൽ കൂടുതൽ ബംഗ്ലാദേശികൾ കേരളത്തിലുമെത്തിയിട്ടുണ്ട്. അത്തരക്കാരെ കണ്ടെത്താനുള്ള ശ്രമവും ഇക്കുറി പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നാണ് അറിയുന്നത്.

ലോക്ക് ‌ഡൗൺ ലംഘിക്കാൻ അന്യസംസ്ഥാനക്കാർക്ക് നിർദ്ദേശം നല്കിയവരെ കണ്ടെത്താനുള്ള ശ്രമമാണ് നടന്നുവരുന്നത്. ക്യാമ്പിനുള്ളിൽ നിന്നാണോ പുറത്തുനിന്നാണോ നിർദ്ദേശം ലഭിച്ചതെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ആസൂത്രണവും ഗൂഢാലോചനയും നടന്നുവെന്നു തന്നെയാണ് പൊലീസ് ഇപ്പോഴും സംശയിക്കുന്നത്. ഇതേക്കുറിച്ചാണ് ഇപ്പോൾ പൊലീസ് അന്വേഷണം മുറുകുന്നത്.