കോട്ടയം: കേരളത്തിൽ എവിടെ ഉണ്ടെങ്കിലും ശനിയാഴ്ച പുതുപ്പള്ളിയിലെ വീട്ടിലെ 'ജനസമ്പർക്ക പരിപാടിയും' ഞായറാഴ്ച പുതുപ്പള്ളി പള്ളിയിലെ കുർബാനയും ഉമ്മൻചാണ്ടി മുടക്കാറില്ല. കൊവിഡ് 19 കാരണം നാട്ടുകാരുടെ കുഞ്ഞുഞ്ഞ് പുതുപ്പള്ളിയിലെ വീട്ടിലെത്തിയിട്ട് മാസമൊന്നാകാറായി.
തിരുവനന്തപുരത്തെ 'പുതുപ്പള്ളി 'വീട്ടിൽ പൂർണ വിശ്രമത്തിലാണ് . സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഉമ്മൻചാണ്ടി സന്ദർശകർ കുറഞ്ഞതോടെ കരയിൽ പിടിച്ചിട്ട മീനിന്റെ അവസ്ഥയിലാണ്. വിദേശ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയതോടെ പൊതുപരിപാടികളിൽ കുറേ നിയന്ത്രണങ്ങൾ വീട്ടുകാർ ഏർപ്പെടുത്തിയിരുന്നു. എന്നിട്ടും സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നിന്ന് അകന്നു നിന്നില്ല. വീട്ടിലെത്തുന്നവരുടെ ആവശ്യങ്ങളിൽ ആവുന്ന കാര്യങ്ങൾ ചെയ്തു കൊടുത്തിരുന്നു. കൊവിഡ് കാലമെത്തി ആർക്കും പുറത്തിറങ്ങാൻ കഴിയാതായതോടെ സ്വസ്ഥമായി വീട്ടിലിരിക്കാൻ കഴിഞ്ഞത് ആരോഗ്യ നില മെച്ചപ്പെടുത്തിയെന്ന് ഉമ്മൻചാണ്ടിയും സമ്മതിക്കുന്നു.
മാർച്ച് ആദ്യമാണ് ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെ വീട്ടിൽ വന്നത് . വന്നാൽ വീട്ടിലിരിക്കാൻ കഴിയില്ല. പല ആവശ്യങ്ങളുമായി വരുന്നവരുടെ എണ്ണം കൂടുന്നതോടെ വിടിന് പുറത്തിറങ്ങും. പിന്നെ മുറ്റത്താകും ആൾക്കൂട്ടം. ചെറിയ കേസുകൾ സഹായികൾ തീർക്കും.സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ അത്യാവശ്യം വിളിക്കേണ്ടവരെ സഹായികൾ ഫോണിൽ വിളിച്ച് കൊടുക്കും. ഫോൺ വാങ്ങി 'ഉമ്മൻചാണ്ടിയാ ..നമുക്ക് വേണ്ടപ്പെട്ട ആളാ ..സാധിച്ചു കൊടുത്താൽ നന്നായിരുന്നുവെന്ന് ' താഴ്മയായ സ്വരത്തിൽ പറയുന്നതോടെ മിക്കവാറും സംഗതി ഒ.കെയാകും. സാധിക്കില്ലെങ്കിൽ അത് പറയും. മുഖ്യമന്ത്രിയായപ്പോഴും അല്ലാത്തപ്പോഴുമുള്ള ഈ സ്വഭാവത്തിന് മാറ്റം വന്നിട്ടില്ല.
വീട്ടിലാണെങ്കിലും
വിമർശനത്തിൽ കുറവില്ല
വീട്ടിൽ വിശ്രമത്തിലാണെങ്കിലും രാഷ്ടീയ വിഷയങ്ങളിൽ സർക്കാരിനെ വിമർശിച്ചുള്ള പ്രസ്താവന ഇറക്കുന്നതിൽ കുറവുണ്ടായിട്ടില്ല. കൊറോണ ഇൻഷ്വറൻസ് സ്വകാര്യ ആശുപത്രി ജീവനക്കാർക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തു നൽകി. ചരക്കു നീക്കം തടസപ്പെട്ടപ്പോൾ റെയിൽവേ വാഗണിലൂടെ ആവശ്യ സാധനങ്ങളെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രസ്താവന ഇറക്കി. ഇടക്ക് കോൺഗ്രസ് ചാനലിന്റെ ജനസമ്പർക്ക പരിപാടിക്കും സമയം കണ്ടെത്തി. വീട്ടിലും വിശ്രമവേളകൾ സജീവമാക്കുകയാണ് ഈ ജനകീയ നേതാവ്.