പൊന്‍കുന്നം: ഒരു ചെറിയ ജലദോഷം വന്നാല്‍ പോലും ആശുപത്രിയിലേക്കോടിയിരുന്നവര്‍ക്ക് ഇപ്പോള്‍ ആശുപത്രി എന്നു കേള്‍ക്കുമ്പോള്‍ ഭയം. വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ മരുന്നു കുറിച്ചുകൊടുക്കുന്ന ഡോക്ടര്‍മാര്‍ക്കും തിരക്കില്ലാതായി. പനിവന്നാല്‍ പനിക്കൂര്‍ക്കയും കച്ചോലവും മരുന്നാണെന്ന് രോഗികള്‍ അറിഞ്ഞു തുടങ്ങി.തലവേദനയ്ക്ക് തുണിനനച്ച് നെറ്റിയിലിട്ടാല്‍ ആശ്വാസം കിട്ടുമെന്ന് അനുഭവം പഠിപ്പിക്കുന്നു. ചെറിയ മുറിവുകള്‍ക്ക് തുളസിയും കമ്യുണിസ്റ്റ് പച്ചയുമൊക്കെ മരുന്നാണെങ്കില്‍ അതും പരീക്ഷിക്കാന്‍ തയ്യാര്‍. ജലദോഷത്തിന് ആവി പിടിക്കുന്നു.പ്രസവം വീടുകളിലായി. ഓപ്പറേഷനിലൂടെയല്ലാതെ കുട്ടികള്‍ ജനിക്കാന്‍ തുടങ്ങി.ആശുപത്രി കിടക്കകള്‍ കാലിയായി.ഏതുരോഗത്തിനും രക്തപരിശോധനയ്ക്കും എക്‌സറേ എടുക്കുന്നതിനും ലാബുകളിലേക്കോടുന്നവരെ കാണാനില്ല.ആശുപത്രിയിലാണെങ്കിലും വീട്ടിലാണെങ്കിലും ഒരു ഡോക്ടറെ കാണാന്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ട അവസ്ഥയില്ല.സര്‍ക്കാര്‍ ആശുപത്രികളില്‍ ചീട്ടെടുക്കാന്‍ നീണ്ടനിരയില്ല.മെഡിക്കല്‍ സ്‌റ്റോറുകളില്‍ തിരക്കില്ല.സ്വകാര്യ ലാബുകള്‍ തുറക്കുന്നത് വല്ലപ്പോഴും മാത്രം.
വാഹനങ്ങള്‍ റോഡിലിറങ്ങാത്തതിനാല്‍ അപകടങ്ങള്‍ കുറവാണ്.അതുകൊണ്ട് ആശുപത്രികളില്‍ അത്യാഹിതവിഭാഗത്തില്‍ തിരക്കില്ല.എല്ലാവരും വീടുകളില്‍നിന്നുതന്നെ ഭക്ഷണം കഴിക്കുന്നതിനാല്‍ രോഗങ്ങള്‍ കുറവാണെന്നാണ് ചിലരുടെ അഭിപ്രായം.വിഷം കലര്‍ന്ന പച്ചക്കറികള്‍ അധികമെത്തുന്നില്ല.പഴകിയ പച്ചമീനും മാര്‍ക്കറ്റിലില്ല.ഹോട്ടലുകള്‍ അടച്ചതോടെ എണ്ണപലഹാരങ്ങള്‍ അധികമാരും കഴിക്കുന്നില്ല.ഫ്രീസറില്‍ സൂക്ഷിക്കുന്ന പഴകിയ ഭക്ഷണങ്ങളും ഇല്ലാതായി.ജോലിക്കുപോകാതെ വീട്ടിലിരിക്കുന്നവര്‍ അടുക്കളപ്പണിയും കൃഷിപ്പണിയുമൊക്കെയായി ദേഹമനങ്ങി ജോലിചെയ്യാന്‍ തുടങ്ങി.ഷുഗറും പ്രഷറും കൊളസ്‌ട്രോളുമൊക്കെ ആരും വകവെയ്ക്കാതായി.അല്ലെങ്കില്‍ കൊവിഡിനെ ഭയന്ന് മറ്റ് രോഗങ്ങളൊക്കെ തല്ക്കാലം പത്തിയൊതുക്കിയതാകാം.എന്തായാലും രോഗങ്ങളില്ല,രോഗികളില്ല,ആശുപത്രികളില്‍ തിരക്കുമില്ല.
ഇതൊക്കെ കൊവിഡ് കാലത്തെ കാഴ്ചകളാണ്. കൊവിഡ് 19 എന്ന മാരകരോഗത്തെ ഭയന്നാണ് ജനം ആശുപത്രിയില്‍നിന്നും കഴിവതും വിട്ടുനില്‍ക്കുന്നത്.ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശവും അതുതന്നെയാണ്.അതൊക്കെ ശരിതന്നെ.പക്ഷേ ഈ രോഗങ്ങളൊക്കെ എവിടെപ്പോയി എന്ന് നാട്ടുകാര്‍ പരസ്പരം ചോദിക്കുന്നു.