അടിമാലി: മദ്ധ്യവേനൽ അവധി കൊറോണ രോഗ ഭീതി കവർന്നെങ്കിലും മാധവ് കൃഷ്ണനും അനൈ കൃഷ്ണനും പരിഭവമില്ല.സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചതു മുതൽ സഹോദരങ്ങളായ ഇരുവരും വീടിനുള്ളിൽ ഇരുന്ന് പുറത്തിറങ്ങി മധ്യവേനൽ അവധിക്കാലം ആഘോഷമാക്കാൻ സാധിക്കാതെ വന്നതോടെ കൊവിഡ് പ്രതിരോധത്തിനായി സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ബ്രേക്ക് ദ ചെയിൻ ഭാഗമായി ചിത്ര രചനയുമായി വീടിനുള്ളിൽ കഴിയാൻ സഹോദരങ്ങൾ ഇരുവരും തീരുമാനിച്ചു.മക്കളുടെ തീരുമാനത്തിന് മാതാപിതാക്കളായ തോട്ടത്തിൽകുടി ജയനും മഞ്ചുവും പിന്തുണ നൽകിയതോടെ രചനക്ക് വേണ്ടുന്ന ക്യാൻവാസും പെയിന്റുകളും വീട്ടിലെത്തി.വെള്ള വസ്ത്രങ്ങളിൽ മ്യൂറൽ പെയിന്റിംഗിലൂടെ പിറക്കുന്ന ചിത്രങ്ങൾക്ക് സർഗാത്മകതയുടെ വലിയ തുടിപ്പുണ്ട്.പെയിന്റുണങ്ങിയാലുടൻ വസ്ത്രങ്ങൾ കഴുകി സാധാരണ പോലെ ഉപയോഗിക്കാം. അടിമാലി വിശ്വദീപ്തി സ്‌കൂളിലെ വിദ്യാർത്ഥികളുമായ മാധവ് കൃഷ്ണൻ ആറാം ക്ലാസിലും അനൈ കൃഷ്ണൻ രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.ജേഷ്ഠനായ മാധാവ് കൃഷ്ണൻ നാല് വർഷത്തോളം ചിത്ര രചന പഠിച്ചിട്ടുണ്ട്.പെൻസിൽ ഡ്രോയിംഗ്,വാട്ടർ കളർ,ഗ്ലാസ് പെയിന്റിംഗ് എല്ലാം മാധവിനും അനുജനും ഇഷ്ടമാണ്.സിബിഎസ്ഇ സ്‌കൂൾ കലോത്സവത്തിൽ മാധവ് കൃഷ്ണൻ മികച്ച പ്രകടനം കാഴ്ച്ച വച്ചിട്ടുണ്ട്.അവധിക്കാലം കൊവിഡ് കവർന്നെങ്കിലും ചിത്ര രചനക്കായി കൂടുതൽ സമയം കണ്ടെത്താനായതിന്റെ സന്തോഷം സഹോദരങ്ങൾ പങ്ക് വച്ചു.