കുറവിലങ്ങാട് : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിലെ ജംഗ്ഷനുകൾ,മാർക്കറ്റുകൾ,ബസ് സ്റ്റാൻഡുകൾ,ആശുപത്രികൾ,പൊലീസ് സ്റ്റേഷൻ,വിവിധ സർക്കാർ ഓഫീസുകൾ എന്നിവടങ്ങളിൽ അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി യന്ത്രവൽകൃത അണുനശീകരണ പ്രവർത്തനങ്ങൾ തുടങ്ങി. ജില്ലാതല ഉദ്ഘാടനം കുറവിലങ്ങാട് സെൻട്രൽ ജംഗ്ഷനിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.ശോഭ സലിമോൻ മുഖ്യപ്രഭാഷണം നടത്തി. കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ, വൈസ് പ്രസിഡന്റ് മേഴ്‌സി റെജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സിബി മാണി,ജോർജ് ചെന്നേലി, മിനിമോൾ ജോർജ്, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.