പാലാ : കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് വീടുകളിൽ കഴിയുന്ന രോഗികളും നിർദ്ധനരുമായ കുടുംബങ്ങൾക്ക് സഹായവുമായി സേവാഭാരതി. ജനറൽ ആശുപത്രിക്ക് ആവശ്യമായ മുഖാവരണങ്ങൾ നൽകിക്കൊണ്ടായിരുന്നു തുടക്കം.

പിന്നീട് പാലാ, രാമപുരം പൊലീസ് സ്റ്റേഷനുകൾ, ഫയർസ്റ്റേഷൻ, ആയുർവേദ ആശുപത്രി, നഗരസഭ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലും ഇവ എത്തിച്ച് നൽകി. ജനറൽ ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടപ്രകാരം അവർ നൽകിയ തുണിയും സാധനങ്ങളും ഉപയോഗിച്ചുള്ള മുഖാവരണങ്ങളുടെ നിർമ്മാണവും നടക്കുന്നുണ്ട്. ജനം കൂടുതലായി എത്തുന്ന പൊലീസ് സ്റ്റേഷൻ, ആശുപത്രി, നഗരസഭ,സർക്കാർ ഓഫീസുകൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, എന്നിവിടങ്ങളിൽ അണുവിമുക്തമാക്കുന്നതിനുള്ള നടപടികളും തുടങ്ങി. ഒന്നിടവിട്ട ദിവസങ്ങളിൽ ശുചീകരണം നടത്തും. അഗ്‌നിശമനസേനയും പൊലീസുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
നാലുമാസമായി ജനറൽ ആശുപത്രിയിൽ 'സേവാമൃതം' എന്ന പേരിൽ നടന്നുവരുന്ന പ്രഭാതഭക്ഷണ വിതരണ പദ്ധതിക്ക് പുറമെ, ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവർക്കായി ആശുപത്രിക്ക് സമീപം ബസ് കാത്തിരിപ്പു കേന്ദ്രത്തിനടുത്ത് പ്രഭാത ഭക്ഷണവും ഉച്ചക്കഞ്ഞിയും വിതരണം ചെയ്യുന്ന പദ്ധതിയും തുടങ്ങി. മീനച്ചിൽ താലൂക്കിലെ വിവിധ ക്ഷേത്രങ്ങളുമായി ചേർന്ന് ഭക്ഷണ സാമഗ്രികൾ നൽകുന്ന പദ്ധതിയ്ക്കും രൂപം നൽകി.