കോട്ടയം : ആവശ്യത്തിന് സ്റ്റോക്കില്ലാതെ വന്നതോടെ വടവാതൂരിലെ റേഷൻകടയിൽ സൗജന്യ അരി വിതരണം മുടങ്ങി. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം എത്തിയവരാണ് വെട്ടിലായത്. ഇന്ന് ഉച്ചയോടെ വിതരണം പുന:സ്ഥാപിക്കാൻ സാധിക്കുവെന്ന് താലൂക്ക് സപ്ലൈഓഫീസ് അധികൃതർ അറിയിച്ചു. അരിയില്ലെന്ന് പറഞ്ഞ് റേഷൻ കട ഉടമ വന്നവരെ മടക്കുകയായിരുന്നു. പച്ചരിയും ആട്ടയും മാത്രമാണ് ഉണ്ടായിരുന്നത്. വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്ക് അരിയും സാധനങ്ങളും വാങ്ങിയെത്തിക്കാൻ സേവാഭാരതി പ്രവർത്തകർ റേഷൻകടയിൽ എത്തിയത്. അരിയും സാധനങ്ങളും നൽകാനില്ലെന്ന് റേഷൻ കട ഉടമ പറഞ്ഞു.

ഇതോടെ പ്രവർത്തകർ താലൂക്ക് സ‌പ്ലൈഓഫീസറെ ഫോണിൽ ബന്ധപ്പെട്ടു. ഒറവയ്ക്കലിലെ ഗോഡൗണിൽ നിന്ന് റേഷൻ കടകളിലേയ്ക്കു അരി എത്തിക്കാൻ സാധിക്കാതെ വന്നതാണ് അരി വിതരണം തടസപ്പെട്ടതിനു കാരണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ വ്യക്തമാക്കി. തുടർന്ന് ബി.ജെ.പി പ്രവർത്തകരും പ്രതിഷേധവുമായി എത്തി.