പാലാ : ലോക്ക്ഡൗണിൽ അത്യാവശ്യഘട്ടങ്ങളിൽ പൊതുജനങ്ങളെ സഹായിക്കാനായി പാലാ നിയോജക മണ്ഡലത്തിൽ സന്നദ്ധസേന രൂപീകരിച്ചതായി മാണി സി കാപ്പൻ എം.എൽ.എ അറിയിച്ചു. പൊതുജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതിനും ജനങ്ങളുടെ ഒഴിവാക്കാനാവാത്ത ആവശ്യങ്ങൾ നടപ്പാക്കുന്നതിനും വേണ്ടിയാണ് സന്നദ്ധ സേനയ്ക്ക് രൂപം നൽകിയിരിക്കുന്നത്. എംഎൽഎയുടെ നമ്പരിലോ താഴെ കാണിക്കുന്ന എം.എൽ.എ ഓഫീസിലെ നമ്പരുകളിലോ വിളിച്ചു ഒഴിവാക്കാൻ കഴിയാത്ത ആവശ്യങ്ങൾ പറഞ്ഞാൽ പരമാവധി സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് മാണി സി.കാപ്പൻ പറഞ്ഞു. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സന്നദ്ധസേന പ്രവർത്തിക്കും. ഇതിനായി എല്ലാ പഞ്ചായത്തുകളിലും സേനാംഗങ്ങളെ ചുമതലപ്പെടുത്തി. എം.എൽ.എ (9447137219), ടി.വി ജോർജ്(9447575912), എം.പി.കൃഷ്ണൻനായർ (9447137780), ജോഷി പുതുമന (9447805372).
രോഗിയ്ക്ക് മരുന്ന് വീട്ടിലെത്തിച്ചു
ഏഴാച്ചേരി : രോഗിയ്ക്ക് മരുന്ന് വീട്ടിലെത്തിച്ച് മാണി സി.കാപ്പന്റെ ഓഫീസ് മാതൃകയായി. രാമപുരം പഞ്ചായത്ത് മുൻ അംഗവും പൊതുപ്രവർത്തകനുമായ കെ.ജി.രവീന്ദ്രന്റെ ഏഴാച്ചേരിയിലെ വീട്ടിലാണ് എം.എൽ.എയുടെ നിർദ്ദേശപ്രകാരം ഓഫീസ് സെക്രട്ടറിയായ എം.പി കൃഷ്ണൻനായർ മരുന്നെത്തിച്ച് നൽകിയത്. രവീന്ദ്രന്റെ വീട്ടിൽ നിന്ന് ഡോക്ടറുടെ കുറുപ്പടി വാങ്ങി ഗാന്ധിനഗറിലെ മെഡിക്കൽ ഷോപ്പിലെത്തി മരുന്ന് വാങ്ങി എത്തിക്കുകയായിരുന്നു. ഡയബെറ്റിക് രോഗത്താൽ കാഴ്ചക്കുറവുള്ള രവീന്ദ്രൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ്. എല്ലാ മാസവും ഭാര്യയേയും കൂട്ടി രവീന്ദ്രൻ മെഡിക്കൽ കോളേജിൽ പോകാറാണ് പതിവ്. മരുന്നുകളാണെങ്കിൽ മെഡിക്കൽ കോളേജ് ഭാഗത്തെ മെഡിക്കൽ ഷോപ്പുകളിലേ കിട്ടുകയുള്ളൂ. എം.എൽ.എ ഓഫീസിലെ ജീവനക്കാരി രജനി സുനിലാണ് വിവരം എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.