വൈക്കം : ഒടുവിൽ മോഡേൺ റൈസ് മിൽ കനിഞ്ഞു. വെച്ചൂരിലെ പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന നെല്ല് എടുത്ത് തുടങ്ങി. അപ്പർകുട്ടനാടിന്റെ ഭാഗമായ വലിയ വെളിച്ചം, ദേവസ്വം കരി എന്നീ പാടശേഖരങ്ങളിലെ കൊയ്ത്ത് കഴിഞ്ഞ് നെല്ല് ഏറ്റെടുക്കാൻ ആളില്ലാതെ പാടശേഖരത്തിന്റെ പുറംബണ്ടുകളിൽ കൂട്ടിയിട്ടിടിരിക്കുകയായിരുന്നു. സപ്ലൈകോ നെല്ല് സംഭരിക്കാൻ സ്വകാര്യ മില്ലുകളെ ചുമതലപ്പെടുത്തിയിരുന്നു. അവരാരും പാടശേഖരങ്ങളിലേക്ക് തിരിഞ്ഞ് നോക്കിയില്ല. മഴ പെയ്താൽ നെല്ല് മുഴുവൻ നശിക്കുമെന്നതായിരുന്നു സ്ഥിതി. കർഷകർ വെച്ചൂർ മോഡേൺ റൈസ് മില്ലിനെ സമീപിച്ചു. എന്നാൽ അവിടെ ഗോഡൗണിൽ സ്ഥലമില്ലെന്ന് പറഞ്ഞ് അവർ കർഷകരെ മടക്കി. കർഷകർ സപ്ലൈകോയുമായി ബന്ധപ്പെട്ടു. അവർ മോഡേൺ റൈസ് മില്ലുകാരോട് എല്ലാം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് കർഷകരെ പിന്നെയും മോഡേൺ റൈസ് മില്ലിലേക്ക് വിട്ടു. മില്ലിന്റെ ചുമതലയുള്ള ഓയിൽപാം ഇന്ത്യയുടെ എം.ഡി പറയാതെ നെല്ലെടുക്കാൻ പറ്റില്ലെന്നായിരുന്നു അവരുടെ നിലപാട്. കർഷകർ വീണ്ടും സപ്ലൈകോയെ സമീപിച്ചു. ഇത്തവണയും സപ്ലൈകോ ഉദ്യോഗസ്ഥർ മോഡേൺ റൈസ് മിൽ അധികൃതരെ വിളിച്ചു. റൈസ് മിൽ അധികൃതർ കർഷകരുമായും ചർച്ച നടത്തി. കർഷകരെ അങ്ങോട്ടും ഇങ്ങോട്ടുമിട്ട് കുറേ തട്ടിക്കളിച്ച് ഒടുവിൽ നെല്ലെടുക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് പാടശേഖരങ്ങളിൽ നിന്നും നെല്ലെടുത്ത് തുടങ്ങി.

വിത്ത് നൽകി കൈകഴുകുന്ന കൃഷിവകുപ്പ്
കൃഷിയിറക്കാൻ വിത്ത് നൽകി കഴിഞ്ഞാൽ കൃഷി വകുപ്പിന്റെ ഉത്തരവാദിത്തങ്ങൾ തീർന്നു. പ്രാദേശിക കൃഷി ഉദ്യോഗസ്ഥർ കർഷകരുമായി ബന്ധം പുലർത്തുന്നുണ്ടെന്നല്ലാതെ നെല്ല് സംഭരണം പോലുള്ള വിഷയങ്ങളിൽ കർഷകർക്ക് പ്രതിസന്ധിയുണ്ടാകുമ്പോൾ കൃഷി വകുപ്പ് ഇടപെടാറില്ലെന്ന ആക്ഷേപമുണ്ട്.