പാലാ : ഭക്ഷ്യപൊതുവിതരണ വകുപ്പും റവന്യു, ലീഗൽ മെട്രോളജി വകുപ്പും ചേർന്ന് മീനച്ചിൽ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. കുപ്പിവെള്ളത്തിന് അമിതവില ഈടാക്കിയ കാണക്കാരിയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് 5000 രൂപ പിഴയീടാക്കി. കുപ്പിവെള്ളത്തിന് സർക്കാർ നിശ്ചയിച്ച 13 രൂപയ്ക്കു പകരം 19 രൂപയ്ക്ക് വിലപ്‌ന നടത്തിയതിന് നോട്ടീസും നൽകി. കാണക്കാരിയിൽ വിലവിവരപട്ടിക പുറത്ത് പ്രദർശിപ്പിക്കാഞ്ഞ മറ്റൊരു കടയിലും നോട്ടീസ് നൽകി.
വില, തൂക്കം, കാലാവധി, സ്ഥാപനത്തിന്റെയും നിർമ്മാണത്തിന്റെയും വിവരങ്ങൾ എന്നിവ പാക്കറ്റിൽ പതിപ്പിക്കാത്ത പലചരക്ക് സാധനങ്ങൾ വിറ്റതിന് പാലായിലെ സൂപ്പർ മാർക്കറ്റിനും നോട്ടീസ് നൽകി. സാമ്പിളുകൾ ശേഖരിച്ച അധികൃതർ ഇന്ന് പാലാ ലീഗൽ മെട്രോളജി ഓഫീസിൽ വ്യാപാരിയെയും നിർമ്മാതാവിനെയും ഹിയറിംഗിനായി വിളിപ്പിച്ചിട്ടുണ്ട്.
ഭരണങ്ങാനം, തലപ്പലം പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീകൾ നിർമ്മിച്ചു നൽകുന്ന മാസ്‌ക്കുകൾക്ക് അമിതവില ഈടാക്കുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. ഡെപ്യൂട്ടി തഹസീൽദാർ മൻജിത്ത്, റേഷനിംഗ് ഇൻസ്‌പെക്ടർ സയാർ, ഉത്രലാൽ, സുരേഷ്, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ഷിന്റോ ഏബ്രഹാം എന്നിവരടങ്ങുന്ന സംഘത്തിന്റെ പരിശോധന വരും ദിവസങ്ങളിലും തുടരും. പരാതിയുള്ളവർക്ക് കൺട്രോൾ റൂം നമ്പരായ 04822212325 അറിയിക്കാം.