കോട്ടയം: ഇല്ലിക്കലിൽ നിർമ്മാണത്തിലിരുന്ന റോഡ് കഴിഞ്ഞ ദിവസം ഇടിഞ്ഞു താണ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം അന്വേഷണം ആരംഭിച്ചു. വർഷങ്ങൾ പഴക്കമുള്ള സംരക്ഷണ ഭിത്തി ബലപ്പെടുത്താതെ റോഡ് നിർമ്മിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന് ശേഷമേ ഇക്കാര്യം വ്യ‌ക്തമാകൂ എന്നു പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ പി.ശ്രീലേഖ പറഞ്ഞു. അപകടം നടന്ന സ്ഥലം തോമസ് ചാഴിക്കാടൻ എം.പി, ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു , ജില്ലാ പൊലീസ് മേധാവി ജി ജയദേവ് ,പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു. കഴിഞ്ഞ ദിവസവം രാത്രി 9:30 ഓടെയാണ് മീനച്ചിലാറിനോട് ചേർന്ന റോഡിന്റെ 100 മീറ്ററോളം ഇടിഞ്ഞ് വീണത്. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയായിരുന്നു ഇത്. റോഡ് ഇടിഞ്ഞതിനെ തുടർന്ന് സമീപത്തെ കെട്ടിടവും ഇലക്ട്രിക് പോസ്റ്റുകളും ആറ്റിലേക്ക് പതിച്ചു. ഇവിടെയുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ മാറ്റി പാർപ്പിച്ചിരുന്നു.

പുതിയ റോഡ് നിർമ്മിക്കും ഇല്ലിക്കൽ തിരുവാർപ്പ് റോഡിനു ബദലായി താല്‌കാലിക റോഡ് നിർമ്മിക്കുന്നതിന് തീരുമാനിച്ചു. സമീപവാസി വിട്ടു നൽകിയ സ്ഥലത്തിലൂടെയാണിത്. ലോക്ക് ‌ഡൗൺ പരിഗണിച്ച് നിർമാണത്തിനാവശ്യമായ സാമഗ്രികൾ അടക്കം എത്തിക്കാൻ പ്രത്യേക പാസ് അനുവദിക്കും.

ജല വിതരണം വൈകും

തകരാറിലായ വൈദ്യുതി, ടേലിഫോൺ കേബിളുകൾ ഉടൻ പുനസ്ഥാപിക്കും. പൈപ്പ് ലൈൻ വലിഞ്ഞു പോയതിനാൽ റോഡ് അറ്റകുറ്റപണികൾ പൂർത്തിയായ ശേഷമേ ജലവിതരണം പുനസ്ഥാപിക്കാനാവൂ എന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.

പുനർ നിർമ്മാണത്തിന്

1.5 കോടി രൂപ

അനുവദിച്ചു

റിപ്പോർട്ട് തേടും

ഇല്ലിക്കലിൽ റോഡ് ഇടിഞ്ഞത് സംബന്ധിച്ചു റിപ്പോർട്ട് തേടിയിട്ടുണ്ട്. ഗതാഗതത്തിന് ബദൽ മാർഗം ഒരുക്കും

പി.കെ സുധീർ ബാബു, ജില്ലാ കളക്‌ടർ