വാഴൂര്‍: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന അടച്ചുപൂട്ടലിനെ തുടർന്ന് വീടുകളില്‍ ഒറ്റപ്പെടുകയും ദുരിതമനുഭവിക്കുകയും ചെയ്യുന്നവർക്ക് അത്താഴത്തിന് ആവശ്യമായ ഭക്ഷണ സാധനങ്ങൾ വീടുകളിൽ എത്തിച്ചു നല്‍കുന്ന 'ഉണ്ണാതെ ആരും ഉറങ്ങരുത്' പദ്ധതിക്ക് വാഴൂര്‍ പഞ്ചായത്തില്‍ തുടക്കമായി. ബി.ജെ.പി, സേവാഭാരതി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പദ്ധതി.
വാഴൂര്‍ പഞ്ചായത്തിലെ 150 കുടുംബങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഭക്ഷണം എത്തിച്ചത്. ബി.ജെ.പി മേഖലാ സംഘടനാ സെക്രട്ടറി കെ.പി. സുരേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി.എൻ. മനോജ്, മണ്ഡലം പ്രസിഡന്റ് ടി.ബി. ബിനു തുടങ്ങിയവർ നേതൃത്വം നല്‍കി. അത്താഴം ആവശ്യമുള്ളവർ 9446202523 (സനീഷ്) എന്ന നമ്പരിൽ ബന്ധപ്പെടണം.