കോട്ടയം: വിദേശമദ്യം കിട്ടാതായതോടെ ഗ്രാമങ്ങളിൽ ചാരായവാറ്റ് തകൃതി. ഏന്തയാറിൽ ആൾ താമസമില്ലാത്ത വീട്ടിൽ വാറ്റാനായി കലക്കിവച്ചിരുന്ന 200 ലിറ്റർ കോട എക്സൈസ് പിടിച്ചെടുത്ത് നശിപ്പിച്ചു. വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.
എക്സൈസ് വരുമെന്ന് രഹസ്യവിവരം കിട്ടിയതോടെ വീട്ടുടമ ഏന്തയാർ മാനസം വീട്ടിൽ ബിജു വീടും പൂട്ടി സ്ഥലം വിട്ടു. സ്ഥലത്തെത്തിയ പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.സജീവ് കുമാർ കതക് വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കടന്നത്. വീടിന്റെ ഇടനാഴിയിൽ ബാരലിൽ സൂക്ഷിച്ചിരിക്കയായിരുന്നു കോട. അത് മറിച്ചുകളഞ്ഞ് നശിപ്പിച്ചു. എക്സൈസ് റെയ്ഡിനെത്തുമെന്ന വിവരം ബിജുവിന് എങ്ങനെ ലഭിച്ചുവെന്നതിനെക്കുറിച്ച് എക്സൈസ് അന്വേഷിക്കുന്നുണ്ട്.