കോട്ടയം: വാറ്റാൻ സജ്ജികരണങ്ങൾ തയാറാക്കിക്കൊണ്ടിരിക്കെ എക്സൈസ് എത്തി. വാറ്റുകാർ ഓടി രക്ഷപ്പെട്ടു. പൊന്തക്കാട്ടിൽ ഒളിപ്പിച്ചുവച്ചിരുന്ന 170 ലിറ്റർ കോട എക്സൈസ് മറിച്ചുകളഞ്ഞ് നശിപ്പിച്ചു. ഇന്നലെ വൈകുന്നേരം തൊടുപുഴ മുള്ളിരങ്ങാട് വെള്ളക്കയത്തിനു സമീപമുള്ള പുരയിടത്തിലാണ് സംഭവം. വാറ്റ് ഉപകരണങ്ങൾ എക്സൈസ് കസ്റ്റഡിയിലെടുത്തു.

രഹസ്യ വിവരത്തെ തുടർന്ന് തൊടുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അബു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പാർട്ടിയാണ് സ്ഥലത്ത് എത്തിയത്. വെള്ളിലാംതൊട്ടി ഇഞ്ചിത്തണ്ട് മുതിരേന്തിക്കൽ രാജുവിന്റെ പുരയിടത്തിലാണ് വാറ്റാൻ സജ്ജീകരണം ഏർപ്പെടുത്തിയത്. സ്ഥലമുടമക്ക് എതിരെ എക്സൈസ് കേസ് രജീസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.