കോട്ടയം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ കുറഞ്ഞു. മോഷ്ടാക്കളും ഗുണ്ടകളും മാളത്തിലൊളിച്ചു. പൊലീസ് നിരത്തുകളിൽ നിരന്നതോടെ നാടോടികളായ പിടിച്ചുപറിക്കാരും മോഷ്ടാക്കളും സംസ്ഥാനം വിട്ടു. പൊലീസ് സ്റ്റേഷനുകളിലാവാട്ടെ, അങ്ങുമിങ്ങും കൊലപാതകം ഉൾപ്പെടെയുള്ള ചില കേസുകൾ ഒഴിച്ചാൽ കഴിഞ്ഞ രണ്ടാഴ്ചകളായി കാര്യമായ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. 919 കേസുകളാണ് പ്രതിദിനം കേരളത്തിൽ രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ലോക്ക് ഡൗൺ ലംഘന കേസുകൾ മാത്രമാണുള്ളത്. രാത്രിയിലും പകലും മിക്കയിടത്തും പൊലീസ് സാന്നിദ്ധ്യമുള്ളതാണ് മോഷണം കുറയാൻ ഇടയാക്കിയത്. സംശയാസ്പദമായി ആരെ റോഡിൽകണ്ടാലും പൊലീസ് ചോദ്യം ചെയ്യുമെന്നതുകൊണ്ട് മോഷ്ടാക്കൾക്ക് വിഹരിക്കാനുമാവില്ല. അടങ്ങിയൊതുങ്ങി വീട്ടിൽ കഴിയുകയാണ് മോഷ്ടാക്കൾ പലരും. അതിനാൽ, അതുവഴിയുള്ള തലവേദന പൊലീസിന് കുറഞ്ഞിട്ടുണ്ട്. കൊവിഡ് ബോധവത്കരണവും ലോക്ക് ഡൗൺ നിയന്ത്രണം നടപ്പാക്കലുമൊക്കെയായി പൊലീസിന് പിടിപ്പത് പണിയുണ്ട്. അതിനിടയിൽ ഇത്തരം കുറ്റകൃത്യങ്ങൾ കുറഞ്ഞത് പൊലീസിന് ആശ്വാസമാണ്.
കഞ്ചാവ് കച്ചവടം തീരെ കുറഞ്ഞുവെന്നതാണ് ഒരു ശുഭവാർത്ത. എങ്കിലും ഏജന്റുമാർ രഹസ്യമായി ചിലയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പൊലീസ് റോഡിൽ ഉള്ളതിനാൽ അത്തരക്കാരെ അപ്പോൾതന്നെ പിടികൂടുവാനും സാധിക്കുന്നുണ്ട്. എന്നാൽ, ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകൾ അടച്ചതോടെ ചാരായവാറ്റ് കൂടിയിട്ടുണ്ട്. എക്സൈസ്, ജാഗ്രതയോടെ റോന്തുചുറ്റുന്നതിനാൽ ചിലരെയൊക്കെ പിടികൂടുന്നുമുണ്ട്. ചാരായ വാറ്റ് കൂടിയെന്ന് എക്സൈസ് തന്നെ സമ്മതിക്കുന്നു.