കോട്ടയം : ഡോക്ടറുടെ കുറിപ്പടിയനുസരിച്ച് വീടുകളിൽ മദ്യമെത്തിച്ച് നൽകാനുള്ള തീരുമാനം ഹൈക്കോടതി വിലക്കിയതോടെ 'ലിക്കർ പാസ്' അനുവദിക്കുന്നത് എക്‌സൈസ് നിറുത്തിവച്ചു. വ്യാജമദ്യ നിർമ്മാണ കേന്ദ്രങ്ങൾ പെരുകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് വേട്ട കർശനമാക്കാനാണ് എക്‌സൈസ് നീക്കം. മദ്യം ലഭിക്കാത്തതിന്റെ അസ്വസ്ഥതകൾ പുറത്തെടുക്കുന്നവരെ ലഹരിവിമുക്തി കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നുണ്ട്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലിറ്റർ കണക്കിന് ചാരായം പിടിച്ചതിനാൽ വാറ്റ് കേന്ദ്രങ്ങൾ ശക്തമാണെന്ന നിഗമനത്തിലാണ് എക്സൈസ്.
ബാറും ബിവറേജസും പൂട്ടിയതോടെ കിഴക്ക് പടിഞ്ഞാറൻ മേഖലകൾ ഒരുപോലെ വ്യാജവാറ്റ് കൊഴുക്കുകയാണ്. മുണ്ടക്കയം, ചങ്ങനാശേരി, തിരുവാർപ്പ്, പാലാ മേഖലകളിൽ നിന്ന് ലിറ്റർ കണക്കിന് വാറ്റ് ചാരായം പിടികൂടിയെങ്കിലും ഇപ്പോഴും വാറ്റുകാർ സജീവമാണ്. പാടശേഖരങ്ങളും വനമേഖലകളും കേന്ദ്രീകരിച്ച് ചാരായമുണ്ടാക്കി മറ്റ് ജില്ലകളിലേയ്ക്ക് കടത്തുന്നെന്ന സംശയവുമുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ വാഹന പരിശോധന കുറഞ്ഞത് വാറ്റുകാർക്ക് ഗുണകരമാകുമ്പോൾ അതിനെ മറികടക്കാൻ പൊലീസുമായി ചേർന്നുള്ള പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. വാറ്റു ചാരായത്തിന് ഇപ്പോഴും വൻ ഡിമാൻഡാണ്. മദ്യത്തിന്റെ ദൗർലഭ്യം കൂടിയാകുമ്പോൾ സാഹചര്യം മുതലെടുക്കുകയാണ് വാറ്റുകാർ. യു ട്യൂബ് നോക്കി വീടുകളിൽ വാറ്റ് നടത്തുന്നവരുണ്ടെന്ന വിവരവും എക്സൈസിന് ലഭിച്ചിട്ടുണ്ട്.
സ്ഥിരം പുള്ളികൾ നിരീക്ഷണത്തിൽ
ജില്ലയിലെ സ്ഥിരം വാറ്റുകാരെല്ലാം നിരീക്ഷണത്തിലാണ്. കിലോക്കണക്കിന് ശർക്കരയും മറ്റും വാങ്ങുന്നവരുടെ പേരും മറ്റും രേഖപ്പെടുത്താൻ കടക്കാർക്കും നിർദ്ദേശമുണ്ട്. എല്ലാ റേഞ്ചുകളിലും പ്രത്യേക ടീമിനെ സജ്ജമാക്കിയിട്ടുണ്ട്.
'' വാറ്റുകാരെ കീഴടക്കാൻ എക്സൈസ് പ്രവർത്തനം ഊർജ്ജിതമാണ്. സ്ഥിരം കേന്ദ്രങ്ങളും ആളുകളും നിരീക്ഷണത്തിലാണ്. ശക്തമായ നടപടി സ്വീകരിക്കും''
എ.ആർ.സുൽഫിക്കർ, എക്സൈസ് ഡെപ്യൂട്ടി ഡയറക്ടർ
1400 ലിറ്റർ സ്പിരിറ്റ് ലഭ്യമാക്കി എക്സൈസ്
കൊവിഡിനെതിരെ സാനിറ്റൈസർ ഉണ്ടാക്കാൻ ജില്ലയിലെ വിവിധ ആശുപത്രികളിലേയ്ക്ക് 1400 ലിറ്റർ സ്പിരിറ്റ് എക്സൈസ് ലഭ്യമാക്കി. കോട്ടയം മെഡിക്കൽ കോളേജിലാണ് ഏറ്റവും കൂടുതൽ സ്പിരിറ്റ് നൽകിയത്. തിരുവല്ല ട്രാവൻകൂർ ഷുഗർമില്ലിൽ നിന്നാണ് സ്പിരിറ്റ് എത്തിച്ചത്.