കോട്ടയം : വിവിധ മേഖലയിൽ നിന്നുള്ളവർ കയറിയിറങ്ങുന്ന എ.ടി.എമ്മുകൾക്ക് കൊവിഡ് വ്യാപനം തടയാൻ കഴിയില്ലെന്ന ഭീതിയിൽ എ.ടി.എം സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞു. അതേസമയം മുൻമാസത്തെ അപേക്ഷിച്ച് ബാങ്കുകളിൽ ഓൺലൈൻ ബിസിനസിൽ അമ്പത് ശതമാനത്തോളം വർദ്ധനവുണ്ടായി. കൊവിഡ് പടർന്നതോടെ കൂടുതൽ ആളുകൾ എ.ടി.എം സേവനം ഉപയോഗിക്കുമെന്ന് കരുതി പണം എപ്പോഴും നിറച്ചിരിക്കണമെന്ന് ഏജൻസികൾക്കു നിർദ്ദേശം നൽകിയിരുന്നു.
എ.ടിഎമ്മുകളിൽ പണമില്ലാത്ത അവസ്ഥയും ഇപ്പോഴില്ല. ഈ സേവനം ഉപയോഗിക്കുന്നവർ കുറഞ്ഞതാണ് കാരണം. കൊവിഡ് ആരംഭിക്കുമ്പോൾ എ.ടി.എമ്മിൽ ഹാൻഡ് സാനിറ്റൈസർ വച്ചിരുന്നു. എന്നാൽ ആദ്യ കുപ്പി തീർന്ന ശേഷം മിക്ക എ.ടി.എമ്മിലും പുതിയത് വച്ചിട്ടില്ല. ചില എ.ടിഎമ്മുകളിൽ നിന്ന് സാനിറ്റൈസർ മോഷണം പോയ സംഭവവുമുണ്ടായി. കൈകൾ കഴുകി നനഞ്ഞ കൈയാൽ എ.ടി.എം കാർഡ് ഉപയോഗിക്കുന്നത് സാങ്കേതിക പ്രശ്നമായേക്കുമെന്നതിനാൽ ഹാൻഡ് വാഷും വെള്ളവും വച്ചിട്ടില്ല. എ.ടി.എമ്മിൽ കയറാൻ പലരും ഇക്കാരണങ്ങളാലാണ് താത്പര്യ കുറവ് കാട്ടുന്നത്.
സൂപ്പർ മാർക്കറ്റിലും പണമായി കൊടുക്കും
സൂപ്പർ മാർക്കറ്റിലും പെട്രോൾ പമ്പുകളിലും മറ്റും നേരത്തെ എ.ടി.എം കാർഡ് ഉപയോഗിച്ചവർ ഇപ്പോൾ ഉപയോഗിക്കുന്നില്ല. സ്വൈപ്പിംഗ് മെഷീനിൽ പലരുടെയും കാർഡ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലാത്തതാണ് കരണം. ബിൽ തുക പണമായി കൊടുക്കാനാണ് പലരും താത്പര്യം കാട്ടുന്നത്. അതേസമയം ബാങ്കുകളിൽ നിന്ന് മറ്റും ലഭിക്കുന്ന നോട്ടുകൾ പല കൈ മറിഞ്ഞ് വരുന്നതിനാൽ സുരക്ഷിതമല്ലെന്ന പ്രചാരണവുമുണ്ട്. കൈകളിൽ ഗ്ലൗസ് ധരിച്ച് നോട്ടുകൾ കൈമാറണമെന്ന് ബാങ്ക് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രിയം മണി ട്രാൻസ്ഫറിനോട്
നെറ്റ് ബാങ്കിംഗ് വഴി പണം ട്രാൻസ്‌ഫർ ചെയ്യുന്നവരുടെ എണ്ണം കൂടി. ഗൂഗിൾ പേ, യൂനോ, വിവിധ ബാങ്കുകളുടെ മൊബൈൽ പേ തുടങ്ങിയ മണി ട്രാൻസ്ഫർ സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് ബാങ്കിംഗ് മേഖലയിലുള്ളവരും സമ്മതിക്കുന്നു.